വാഷിംഗ്ടൺ: മികച്ച തൊഴിലവസരങ്ങളും ഉയർന്ന ശമ്പളവും സ്ഥിരതാമസവും സ്വപ്നം കണ്ട് വർഷങ്ങളായി അമേരിക്കയിലേക്ക് ചേക്കേറിയ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് മുന്നിൽ വാതിലുകൾ അടയുന്നു. കർശനമായ കുടിയേറ്റ നിയമങ്ങളും, പതിറ്റാണ്ടുകൾ നീളുന്ന ഗ്രീൻ കാർഡ് കാത്തിരിപ്പും, എച്ച്-1ബി (H-1B) വിസകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും കാരണം അമേരിക്കയിൽ തുടരുന്നത് അസാധ്യമായി മാറുകയാണ്. ഇതോടെ നിരവധി ഇന്ത്യൻ പ്രൊഫഷണലുകൾ അമേരിക്ക വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ നിർബന്ധിതരാകുന്നു.
അമേരിക്കൻ ടെക്നോളജി-നിർമ്മിത ബുദ്ധി (AI) വ്യവസായത്തിന്റെ സിരാകേന്ദ്രമായ സാൻ ഫ്രാൻസിസ്കോയിൽ ഗൂഗിളിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന 36-കാരനായ യാഷ് ശർമ്മ, ആറ് വർഷത്തെ എച്ച്-1ബി വിസ ജീവിതത്തിന് ശേഷം അമേരിക്ക വിടാൻ തീരുമാനിച്ചിരിക്കുകയാണ്. കുടിയേറ്റ നയങ്ങളിലുണ്ടാകുന്ന നിരന്തരമായ മാറ്റങ്ങളും സ്ഥിരതാമസത്തിനുള്ള സാധ്യതകൾ മങ്ങുന്നതും തന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കിയെന്ന് അദ്ദേഹം പറയുന്നു. യു.കെയിലെ ‘ഗ്ലോബൽ ടാലന്റ് വിസ’ (Global Talent visa) ലഭിച്ചതോടെ, പുതിയ ജോലി പോലും ഉറപ്പാക്കാതെ അടുത്ത മാസം ബ്രിട്ടനിലേക്ക് താമസം മാറാനാണ് ശർമ്മയുടെ തീരുമാനം. തന്റെ വിസ സ്റ്റാറ്റസിനെക്കുറിച്ച് എപ്പോഴും ഭയപ്പെടാതെ ഭാവി ആസൂത്രണം ചെയ്യാൻ കഴിയുന്ന ഒരിടമാണ് താൻ തേടുന്നതെന്നും, അമേരിക്ക ഇന്ന് ഒരു ‘സ്വർണ്ണ ജയിലായി’ (golden prison) മാറിയിരിക്കുകയാണെന്നും അദ്ദേഹം വേദനയോടെ പങ്കുവെക്കുന്നു.
അമേരിക്കയെ ഏറ്റവും മികച്ച തൊഴിലിടമായി കണ്ടിരുന്ന ഉന്നത വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്കിടയിലെ വളർന്നുവരുന്ന ആശങ്കയുടെ പ്രതിഫലനമാണ് ശർമ്മയുടെ ഈ തീരുമാനം. നവംബറിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ അജണ്ടകൾക്ക് തിരിച്ചടി നേരിട്ടെങ്കിലും, തൊഴിലധിഷ്ഠിത കുടിയേറ്റ നിയമങ്ങളിൽ ട്രംപ് ഭരണകൂടം വരുത്തിയ മാറ്റങ്ങൾ തിരുത്തുക എളുപ്പമല്ല. വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസം സ്പോൺസർ ചെയ്യുന്ന കമ്പനികൾക്ക് തൊഴിൽ വകുപ്പ് കൂടുതൽ കർശനമായ നിയമങ്ങൾ നിർദ്ദേശിച്ചത് ഇന്ത്യക്കാർക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.
അമേരിക്കയിലെ പ്രമുഖ കമ്പനികളും വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിത്തുടങ്ങി. ഐ.ബി.എം (IBM) തങ്ങളുടെ ഏറ്റവും വലിയ വിഭാഗത്തിലെ ഭൂരിഭാഗം തസ്തികകളിലേക്കും യു.എസ് വിസ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുകയാണ്. പേയ്മെന്റ് ടെക്നോളജി കമ്പനിയായ ഫ്ലൈവയർ (Flywire) നിയമനങ്ങളും വികസന പ്രവർത്തനങ്ങളും വിദേശത്തേക്ക് മാറ്റാൻ ആലോചിക്കുന്നു. മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ കമ്പനികളും നിരവധി ഐ.ടി ഔട്ട്സോഴ്സിംഗ് സ്ഥാപനങ്ങളും ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് പ്രോഗ്രാമുകളിൽ ഫെഡറൽ അന്വേഷണങ്ങളും നിയന്ത്രണങ്ങളും നേരിടുകയാണ്. തൊഴിലുടമകളും വിദേശ തൊഴിലാളികളും കുടിയേറ്റ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നുവെന്നും ഇത് അമേരിക്കൻ തൊഴിലാളികളുടെ വേതനം കുറയ്ക്കാൻ കാരണമായെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം.
എന്നാൽ, ആഗോള പ്രതിഭകളെ ആശ്രയിക്കുന്ന അമേരിക്കൻ ബിസിനസ് മേഖലയ്ക്ക് ഈ നിയന്ത്രണങ്ങൾ വലിയ തിരിച്ചടിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തൊഴിലധിഷ്ഠിത കുടിയേറ്റ സംവിധാനത്തെ നിശബ്ദമായി തകർക്കുന്ന നടപടിയാണിതെന്ന് ഇമിഗ്രേഷൻ അഭിഭാഷകൻ ആഞ്ചലോ പപ്പാരെല്ലി അഭിപ്രായപ്പെട്ടു. ആഗോള പ്രതിഭകളുടെ ലക്ഷ്യസ്ഥാനമെന്ന അമേരിക്കയുടെ സൽപ്പേരിനേറ്റ ഈ കളങ്കം പരിഹരിക്കാൻ വർഷങ്ങളെടുക്കുമെന്ന് ‘കംപീറ്റ് അമേരിക്ക’ എക്സിക്യൂട്ടീവ് ഡയറക്ടർ സ്കോട്ട് കോർലിയും ചൂണ്ടിക്കാട്ടി.
തിരികെ അമേരിക്കയിലേക്ക് പ്രവേശിക്കാൻ കഴിയുമോ എന്ന ഭയത്താൽ ഒന്നര വർഷത്തോളം അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കേണ്ടി വന്നതായും, ഇതുമൂലം കുടുംബസന്ദർശനങ്ങളും പ്രധാന സമ്മേളനങ്ങളും നഷ്ടമായതായും യാഷ് ശർമ്മ പറയുന്നു. അസാധാരണ കഴിവുള്ളവർക്കുള്ള വിസയ്ക്ക് അപേക്ഷിച്ചെങ്കിലും മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം അത് നിരസിക്കപ്പെട്ടതോടെയാണ് അദ്ദേഹം അമേരിക്ക വിടാൻ ഉറപ്പിച്ചത്. ഭരണകൂടങ്ങൾ മാറിയാലും കുടിയേറ്റ നിയമങ്ങളിൽ യഥാർത്ഥ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്ന തിരിച്ചറിവാണ് പുതിയൊരു രാജ്യത്തേക്ക് ചേക്കേറാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
















