എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള മയക്കുമരുന്ന് രാജാവ് ‘എൽ ചാപ്പോ ഇസിഡ്രോ’ മെക്സിക്കോയിൽ പിടിയിൽ; സിനലോവയിൽ സംഘർഷം

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള മയക്കുമരുന്ന് രാജാവ് ‘എൽ ചാപ്പോ ഇസിഡ്രോ’ മെക്സിക്കോയിൽ പിടിയിൽ; സിനലോവയിൽ സംഘർഷം

മെക്സിക്കോ സിറ്റി: അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഏറ്റവും അപകടകാരികളായ പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള മയക്കുമരുന്ന് രാജാവിനെ പിടികൂടിയതായി മെക്സിക്കൻ സൈന്യം. ‘എൽ ചാപ്പോ ഇസിഡ്രോ’ എന്നറിയപ്പെടുന്ന ഫൗസ്റ്റോ ഇസിഡ്രോ മെസ-ഫ്ലോറസാണ് പിടിയിലായത്. ശനിയാഴ്ചയാണ് മെക്സിക്കൻ സൈന്യം ഇക്കാര്യം അറിയിച്ചത്. അറസ്റ്റിനു പിന്നാലെ സിനലോവ സംസ്ഥാനത്ത് വ്യാപക അക്രമസംഭവങ്ങൾ അരങ്ങേറിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി.

സിനലോവ കേന്ദ്രമായി പ്രവർത്തിക്കുന്ന, വൻ ആയുധശേഖരമുള്ള ‘മെസ-ഫ്ലോറസ് ട്രാൻസ്നാഷണൽ ക്രിമിനൽ ഓർഗനൈസേഷൻ’ എന്ന മയക്കുമരുന്ന് സംഘത്തിന്റെ തലവനാണ് മെസ-ഫ്ലോറസെന്ന് എഫ്ബിഐ വ്യക്തമാക്കുന്നു. ഹെറോയിൻ, മെത്താംഫെറ്റമിൻ, കൊക്കെയ്ൻ, ഫെന്റനൈൽ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകൾ അമേരിക്കയിലേക്ക് കടത്തുന്നതിലും വിതരണം ചെയ്യുന്നതിലും ഈ സംഘത്തിന് പ്രധാന പങ്കുണ്ട്. മെക്സിക്കോയിലുടനീളമുള്ള മയക്കുമരുന്ന് ഉൽപ്പാദനവും കടത്തും നിയന്ത്രിക്കുന്നതിലും സംഘം നിർണായക പങ്കുവഹിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രി സിനലോവയിൽ പ്രത്യേക സൈനിക വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് മെസ-ഫ്ലോറസും സംഘത്തിലെ മറ്റ് രണ്ട് പ്രധാന നേതാക്കളും പിടിയിലായതെന്ന് മെക്സിക്കൻ നാഷണൽ ഡിഫൻസ് സെക്രട്ടേറിയറ്റ് എക്സിലൂടെ അറിയിച്ചു. അതീവ രഹസ്യമായി പ്രദേശത്തെത്തിയ സൈനികർ പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന വീട് വളയുകയായിരുന്നു. മെസ-ഫ്ലോറസ് രക്ഷപ്പെടുന്നത് തടയാനും പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നത് ഒഴിവാക്കാനും പ്രദേശത്ത് കർശന സുരക്ഷാ വലയം തീർത്തു.

റെയ്ഡിനിടെ സൈനികർക്കുനേരെ വെടിവെപ്പും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണവും ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടർന്ന് വീടിനുള്ളിലേക്ക് ഇരച്ചുകയറിയ സൈന്യം മെസ-ഫ്ലോറസിനെയും മറ്റ് രണ്ടുപേരെയും കീഴടക്കി. മൂവരെയും പിന്നീട് മെക്സിക്കോ സിറ്റിയിലേക്ക് മാറ്റി കസ്റ്റഡിയിലെടുത്തു.

മങ്ങിയ വെളിച്ചമുള്ള വീട്ടിലൂടെ ആയുധധാരികളായ സൈനികർ മെസ-ഫ്ലോറസിനെ നടത്തിക്കൊണ്ടുവന്ന് ട്രക്കിന്റെ പിൻഭാഗത്ത് കയറ്റുന്ന ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top