അമേരിക്കൻ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര ഫസ്റ്റ് ക്ലാസ് യുഗത്തിന് അന്ത്യം; പകരം ആഡംബര ബിസിനസ് ക്ലാസ് സ്യൂട്ടുകൾ

അമേരിക്കൻ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര ഫസ്റ്റ് ക്ലാസ് യുഗത്തിന് അന്ത്യം; പകരം ആഡംബര ബിസിനസ് ക്ലാസ് സ്യൂട്ടുകൾ

ന്യൂയോർക്ക്: അമേരിക്കൻ വിമാനക്കമ്പനികളുടെ ദീർഘദൂര അന്താരാഷ്ട്ര സർവീസുകളിലെ ആഡംബര ഫസ്റ്റ് ക്ലാസ് യാത്രാ യുഗത്തിന് ഈ ആഴ്ചയോടെ ഔദ്യോഗികമായി അന്ത്യമായി. എട്ട് സ്യൂട്ടുകളുള്ള ഫസ്റ്റ് ക്ലാസ് വിഭാഗവുമായി അമേരിക്കൻ എയർലൈൻസ് നടത്തിയ അവസാന വിമാനം നിലത്തിറങ്ങിയതോടെയാണ് ആറ് പതിറ്റാണ്ടിലേറെ നീണ്ട ചരിത്രത്തിന് വിരാമമായത്. പകരമായി 70 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിശാലമായ ബിസിനസ് ക്ലാസ് ക്യാബിനുകളാണ് കമ്പനി അവതരിപ്പിക്കുന്നത്.

ഡെൽറ്റ എയർലൈൻസും യുണൈറ്റഡ് എയർലൈൻസും നേരത്തെ തന്നെ അന്താരാഷ്ട്ര ഫസ്റ്റ് ക്ലാസ് ക്യാബിനുകൾ നിർത്തലാക്കിയിരുന്നു. ദീർഘദൂര അന്താരാഷ്ട്ര റൂട്ടുകളിൽ ഫസ്റ്റ് ക്ലാസ് നിലനിർത്തിയിരുന്ന അവസാനത്തെ അമേരിക്കൻ വിമാനക്കമ്പനിയായിരുന്നു അമേരിക്കൻ എയർലൈൻസ്.

സ്ലൈഡിങ് വാതിലുകളുള്ള സ്വകാര്യ സ്യൂട്ടുകൾ, വലിയ സ്ക്രീനുകൾ, വയർലെസ് ചാർജിങ് സൗകര്യങ്ങൾ, കൂടുതൽ സൗകര്യപ്രദമായ കിടക്കകൾ എന്നിവയോടെ ബിസിനസ് ക്ലാസ് നവീകരിക്കുകയാണ് കമ്പനി. അതിനാൽ ഫസ്റ്റ് ക്ലാസ് യാത്ര അവസാനിക്കുന്നതിന്റെ വലിയ വ്യത്യാസം യാത്രക്കാർക്ക് അനുഭവപ്പെടാനിടയില്ലെന്നാണ് വിലയിരുത്തൽ.

കൂടുതൽ യാത്രക്കാർക്ക് ആഡംബര സൗകര്യങ്ങൾ ലഭ്യമാക്കുന്ന ‘മാസ് ലക്ഷ്വറി’ തന്ത്രത്തിന്റെ ഭാഗമായാണ് വിമാനക്കമ്പനികളുടെ ഈ മാറ്റം. സുഖകരമായ യാത്രയ്ക്കായി കൂടുതൽ പണം ചെലവഴിക്കാൻ ഉപഭോക്താക്കൾ തയ്യാറാകുന്നത് കമ്പനികളുടെ വരുമാനം വർധിപ്പിക്കുന്നുണ്ട്. ഇന്ധനവിലയും വിമാനത്താവള ലാൻഡിങ് ഫീസും ഉൾപ്പെടെയുള്ള ചെലവുകൾ ഉയരുന്ന സാഹചര്യത്തിൽ ലാഭം നിലനിർത്താൻ ഇത്തരം മാറ്റങ്ങൾ അനിവാര്യമാണെന്നാണ് കമ്പനികളുടെ വിലയിരുത്തൽ.

ജെറ്റ് യുഗത്തിന്റെ തുടക്കകാലത്ത് സീറ്റിനരികിൽവെച്ച് മാംസം മുറിച്ച് വിളമ്പുന്നതും വിലയേറിയ ബോൺ ചൈന പാത്രങ്ങളിൽ ഭക്ഷണം നൽകുന്നതുമുൾപ്പെടെയുള്ള രാജകീയ സൗകര്യങ്ങളായിരുന്നു ഫസ്റ്റ് ക്ലാസിന്റെ പ്രത്യേകത. എന്നാൽ ഇന്ന് ബിസിനസ് ക്ലാസിൽത്തന്നെ സ്വകാര്യ പോഡുകളും നിവർന്നുകിടന്ന് യാത്ര ചെയ്യാവുന്ന സീറ്റുകളും മികച്ച ഭക്ഷണവും ലഭ്യമാണ്. അതിനാൽ ഭൂരിഭാഗം യാത്രക്കാർക്കും ബിസിനസ് ക്ലാസ് മതിയാകുമെന്ന് ട്രാവൽ കൺസൾട്ടിങ് സ്ഥാപനമായ അറ്റ്മോസ്ഫിയർ റിസർച്ച് ഗ്രൂപ്പ് സ്ഥാപകൻ ഹെൻറി ഹാർട്ടെവെൽഡ് അഭിപ്രായപ്പെട്ടു.

ലാപ്ടോപ്പുകളും വൈഫൈയും ഇല്ലാതിരുന്ന പഴയകാലത്ത് യാത്രക്കാർക്ക് പ്രധാന വിനോദമായിരുന്നത് ഫസ്റ്റ് ക്ലാസിലെ വിഭവസമൃദ്ധമായ ഭക്ഷണമായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അതേസമയം, ഫസ്റ്റ് ക്ലാസും ബിസിനസ് ക്ലാസും തമ്മിൽ ടിക്കറ്റ് നിരക്കിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. ഈ ആഴ്ച ലോസ് ഏഞ്ചൽസിൽനിന്ന് ലണ്ടനിലേക്കുള്ള അമേരിക്കൻ എയർലൈൻസിന്റെ ബോയിങ് 777-300ER വിമാനത്തിൽ വൺവേ ബിസിനസ് ക്ലാസ് ടിക്കറ്റിന് 12,994 ഡോളറായിരുന്നു നിരക്ക്. ഫസ്റ്റ് ക്ലാസ് സീറ്റിന് 15,669 ഡോളറായിരുന്നു വില.

Share Email
LATEST excelnclexrn
More Articles
Top