ഹൂസ്റ്റൺ: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ അറുപതാം ചരമവാർഷികത്തോടനുബന്ധിച്ച് പാമ്പാടി തിരുമേനി ഗ്ലോബൽ കമ്മ്യൂണിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഹൂസ്റ്റണിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്നു.
“വിശുദ്ധിയുടെ കാൽപ്പാടുകളിൽ: പാമ്പാടി തിരുമേനിയുടെ ആത്മീയ ജീവിതത്തിലൂടെ ഒരു യാത്ര” എന്ന വിഷയത്തിൽ ഓർത്തഡോക്സ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ ഓഫ് ദി ഈസ്റ്റിന്റെ (OSSAE) ഡയറക്ടർ ജനറൽ റവ. ഫാ. ഡോ. വർഗീസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പരിശുദ്ധ പരുമല തിരുമേനിയുടെ അംശവടിയും നാമവും സ്വീകരിച്ച്, മലങ്കര സഭയുടെ പാരമ്പര്യവും പ്രാർഥനാ ജീവിതവും പിന്തുടർന്ന വിശുദ്ധനായിരുന്നു പാമ്പാടി തിരുമേനിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
പരിശുദ്ധ ഔഗേൻ ബാവായുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിക്കുകയും അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ സീനിയർ വൈദികനുമായ വെരി റവ. ഗീവർഗീസ് അരൂപാറ കോർഎപ്പിസ്കോപ്പ പാമ്പാടി തിരുമേനിയുമായുള്ള ഓർമകൾ പങ്കുവെച്ചു.
അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ സീനിയർ വൈദികൻ റവ. ഫാ. പൗലോസ് പീറ്റർ, സെന്റ് തോമസ് കത്തീഡ്രൽ വികാരി റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, അസിസ്റ്റന്റ് വികാരിമാരായ റവ. ഫാ. ജോൺസൺ പുഞ്ചക്കോണം, റവ. ഫാ. ടിജി ഏബ്രഹാം, അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോർജ് മാത്യൂസ്, റവ. ഫാ. പി.എം. ചെറിയാൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പാമ്പാടി തിരുമേനി ഗ്ലോബൽ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഫെബിൻ കുറിയാക്കോസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
The Diamond Jubilee of the death of His Holiness Pampadi Thirumeni was commemorated in Houston