പാലത്തായി പോക്‌സോ കേസ്: കെ. പത്മരാജന് മരണം വരെ ജീവപര്യന്തം; 2 ലക്ഷം രൂപ പിഴ

പാലത്തായി പോക്‌സോ കേസ്: കെ. പത്മരാജന് മരണം വരെ ജീവപര്യന്തം; 2 ലക്ഷം രൂപ പിഴ


കണ്ണൂർ: ഏറെ കോളിളക്കം സൃഷ്ടിച്ച പാലത്തായി പോക്‌സോ കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് തലശേരി അതിവേഗ പോക്‌സോ കോടതി. മരണം വരെ ജയിലിൽ കഴിയേണ്ട വിധത്തിലുള്ള ജീവപര്യന്തവും, കൂടാതെ രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

2020 ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലെ പത്ത് വയസുകാരിയായ വിദ്യാർഥിനിയെ അധ്യാപകനായ പത്മരാജൻ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. സ്കൂളിലെ ശുചിമുറിയിലും മറ്റൊരു വീട്ടിലും വെച്ച് കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു കുട്ടിയുടെ ഉമ്മ 2020 മാർച്ച് 16-ന് തലശ്ശേരി ഡിവൈഎസ്പിക്ക് നൽകിയ പരാതി.

പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിശുദിനത്തിൽ അതിജീവിതക്ക് നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ഭാസുരി പ്രതികരിച്ചു.

പ്രതിഭാഗം പ്രതികരണം:

കോടതി വിധി നിരാശാജനകമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ പി. പ്രേമരാജൻ അറിയിച്ചു. വിധിപ്പകർപ്പ് ലഭിച്ചശേഷം മേൽക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് അന്വേഷിച്ച ഡിവൈഎസ്പി രത്‌നകുമാർ വ്യാജ തെളിവുകളുണ്ടാക്കി കേസ് അട്ടിമറിച്ചെന്ന ആരോപണവും പ്രതിഭാഗം ആവർത്തിച്ചു.

കേസ് അന്വേഷണ നാൾവഴികൾ:

ആദ്യം പാനൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും, പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. നർക്കോട്ടിക് സെൽ എഎസ്പി രേഷ്മ രമേശ്, ഡിഐജി എസ്. ശ്രീജിത്ത്, ആർ. ശ്രീലേഖ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ അന്വേഷിച്ച കേസാണിത്. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്‌നകുമാറാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.


Share Email
LATEST excelnclexrn
More Articles
Top