swayamvara
pulimoottil

മംദാനിയുടെ ‘ധൂം മച്ചാലെ’ അജയ്യത മുതൽ സമൂസ കോക്കസിന്റെ റെക്കോർഡ് വിജയം വരെ : 2025 യുഎസ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ 12 ഇന്ത്യൻ-അമേരിക്കക്കാർ

മംദാനിയുടെ ‘ധൂം മച്ചാലെ’ അജയ്യത മുതൽ സമൂസ കോക്കസിന്റെ റെക്കോർഡ് വിജയം വരെ  : 2025 യുഎസ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ 12 ഇന്ത്യൻ-അമേരിക്കക്കാർ

അമേരിക്കയിൽ ഇന്ത്യാ വിരുദ്ധ വിദ്വേഷവും ഓൺലൈൻ ട്രോളിംഗും മൂർധന്യത്തിലായ ഈ വർഷം പക്ഷേ അമേരിക്കയുടെ രാഷ്ട്രീയ ഭൂപടത്തിൽ ഇടം നേടിയ ഏതാനും ഇന്ത്യൻ വംശജരുണ്ട്. അമേരിക്കക്കു കണ്ടില്ല എന്നു നടിക്കാനാവാത്ത ചിലർ. മൂന്നാം ലോക രാജ്യമെന്നും കൈകൊണ്ടു ഭക്ഷണം കഴിക്കുന്നവരെന്നും അമേരിക്കക്കാരുടെ സ്വപ്നം മുഴുവൻ കവരാൻ വരുന്ന കള്ളന്മാർ എന്നുമൊക്കെ ഇന്ത്യക്കാരെ കുറിച്ച് തീവ്രവലതുപക്ഷക്കാർ ആരോപണം ഉന്നയിക്കുമ്പോഴും അമേരിക്കക്ക് മാറ്റിവയ്ക്കാനാവാത്ത സാന്നിധ്യമാണ് ഇന്ത്യക്കാർ. 2024 സാമ്പത്തിക വർഷത്തിൽ എല്ലാ H-1B വീസകളുടേയും ഏകദേശം 71% ഇന്ത്യൻ പൗരന്മാർക്കായിരുന്നു എന്നതിനാൽ, വിസ പ്രോഗ്രാമുകളും കുടിയേറ്റവും, പ്രത്യേകിച്ച് 2.0 ട്രംപ് ഭരണകൂടത്തിന് കീഴിൽ വിവാദങ്ങളിൽ അകപ്പെട്ടു.

2025ൽ അമേരിക്കൻ രാഷ്ട്രീയത്തിൽ തങ്ങളുടെ മുദ്ര പതിപ്പിക്കാൻ ഇന്ത്യൻ – അമേരിക്കക്കാരായ നിരവധി നേതാക്കൾക്ക് തീർച്ചയായും സാധിച്ചു. , സൊഹ്‌റാൻ മംദാനി, റോ ഖന്ന, പ്രമീള ജയപാൽ തുടങ്ങിയവർ ട്രംപ് വിരുദ്ധ പക്ഷത്തുനിന്ന് ഇന്ത്യൻ വിരുദ്ധ നിലപാടുകൾക്ക് എതിരെ കടുത്ത വിമർശനവുമായി രംഗത്തു വന്നു. വിവേക് ​​രാമസ്വാമി, ഹർമീത് ദില്ലൺ എന്നിവരെപ്പോലുള്ളവർ വലതുപക്ഷത്തോട് കൂറ് പുലർത്തുന്നുണ്ടെങ്കിലും ഇന്ത്യയെ തള്ളിക്കളയാൻ ആവില്ല എന്ന് നിലപാടുള്ളവരാണ്.

2025-ൽ യുഎസ് രാഷ്ട്രീയ വാർത്തകളിലെ മുൻനിര ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയക്കാർ


വിവേക് ​​രാമസ്വാമി

വിവേക് രാമസ്വാമി ജനിച്ചത് അമേരിക്കയിലാണെങ്കിലും മാതാപിതാക്കൾ കേരളത്തിൽ നിന്നുള്ളവരാണ്. ഈ കഴിഞ്ഞ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടിയുടെ ഭാഗമായി പ്രൈമറിയിൽ മൽസരിച്ചതോടെയാണ് തികഞ്ഞ വലുതപക്ഷക്കാരനായ വിവേക് പൊതുധാരയിൽ ശ്രദ്ധേയനാകുന്നത്. മൽസരത്തിൽ നിന്ന് പിൻമാറിയ വിവേക് ട്രംപിൻ്റെ ഗുഡ് ബുക്കിൽ പേരുള്ള ഒരു യാഥാസ്ഥിതിക വാദിയായ ചെറുപ്പക്കാരനാണ്. ഇലോൺ മസ്‌കിനൊപ്പം ഡോജ് വകുപ്പിൻ്റെ നേതൃസ്ഥാനത്ത് നിയമിക്കപ്പെട്ടിരുന്നു എങ്കിലും ഓഹായോ ഗവർണർ സ്ഥാനത്തേക്ക് മൽസരിക്കാനായി വിവേക് ആസ്ഥാനം രാജി വച്ചു. മുഴുവൻ സമയം രാഷ്ട്രീയക്കാരനായി മാറി. തീവ്രവലതു പക്ഷത്താണെങ്കിലും എച്ച്-1ബി വിസകൾക്കുള്ള തന്റെ പിന്തുണ അദ്ദേഹം പരസ്യമായി പലതവണ പ്രഖ്യാപിച്ചു. അമേരിക്കക്കാരുടെ പേരൻ്റിങ് രീതിയെ വിമർശിക്കുകയും അക്കാദമിക് മികവു പുലർത്താൻ അമേരിക്കൻ വിദ്യാർഥികളോട് ആവശ്യപ്പെടുകയും ചെയ്തു.

ഈ വർഷം കൊല്ലപ്പെട്ട യാഥാസ്ഥിതിക ആക്ടിവിസ്റ്റ് ചാർളി കർക്കിന്റെ ടേണിംഗ് പോയിന്റ് യുഎസ്എ പരിപാടികളിൽ പങ്കെടുത്ത് തൻ്റെ ഉറച്ച ഹൈന്ദവ വിശ്വാസത്തെ കുറിച്ച് ഉറക്കെ പ്രഖ്യാപിക്കാൻ വിവേക് ഒരു മടിയും കാട്ടായില്ല. ഇന്ത്യാ വിരുദ്ധ വിദ്വേഷം ഇളക്കിവിട്ടതിന് മാഗാ അനുയായികളെ വിമർശിക്കാനും വിവേക് മറന്നില്ല.

കടുത്ത ദേശീയവാദിയും വംശീയ വാദിയുമായ നിക്ക് ഫ്യൂന്റസിനെപ്പോലുള്ളവരെ ചോദ്യം ചെയ്ത് വിവേക് പത്രങ്ങളിൽ മിഡിൽ പീസുകൾ എഴുതുകയും ചെയ്തു.

ഹർമീത് കെ ധില്ലൺ
ഇന്ത്യയിലെ ചണ്ഡീഗഡിൽ ജനിച്ച ധില്ലൺ യുഎസ് നീതിന്യായ വകുപ്പിലെ സിവിൽ റൈറ്റ്‌സ് അസിസ്റ്റന്റ് അറ്റോർണി ജനറലാണ്.

പ്രസിഡന്റ് ട്രംപ് അസിസ്റ്റന്റ് അറ്റോർണി ജനറലായി നാമനിർദ്ദേശം ചെയ്യുന്നതുവരെ അവർ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട പൗരാവകാശ, ഭരണഘടനാ നിയമ അഭിഭാഷകയായിരുന്നു.

ട്രംപ് ഭരണകൂടത്തിനൊപ്പം പ്രവർത്തിക്കുന്നതിന് മുമ്പ്, ഹർമീത് ധില്ലൺ കാലിഫോർണിയ, ഫ്ലോറിഡ, വിർജീനിയ, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ ഓഫീസുകളുള്ള നിയമകാര്യ വിദഗ്ധയും ലോയറുമായിരുന്നു. ട്രംപിൻ്റെ അടുത്ത അനുയായിയായ അവർ എച്ച്-1ബി തൊഴിലാളികളെ മാത്രം നിയമിക്കുകയും അമേരിക്കൻ പ്രൊഫഷണലുകളെ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യുന്ന യുഎസ് ടെക് സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ വെറുപ്പ് പ്രചരിപ്പിക്കുന്നതിനു പകരം രാജ്യത്തെ നന്നാക്കുന്നതിനും പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും സമയം ചെലവഴിക്കാൻ അവർ ട്രംപ് അനുകൂലികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സൊഹ്‌റാൻ മംദാനി
ഇന്ത്യൻ വംശജരായ മാതാപിതാക്കളുടെ (മീര നായർ, മഹ്മൂദ് മംദാനി) മകൻ

ന്യൂയോർക്കിലെ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ, മുസ്ലീം മേയറായപ്പോൾ, ബോളിവുഡ് ഗാനമായ “ധൂം മച്ചലെ” യുടെ ഹിറ്റ് ഗാനങ്ങൾ കേട്ട് ലോകം മുഴുവൻ ആവേശഭരിതനായി. നിരവധി നേട്ടങ്ങൾ കൈവരിച്ച മംദാനി, ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യും.

ന്യൂയോർക്കിലെ തൊഴിലാളിവർഗത്തിന്റെ ജീവിതച്ചെലവ് കുറയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട്, ന്യൂയോർക്ക് സിറ്റിക്ക് വേണ്ടിയുള്ള തന്റെ കോടീശ്വര വിരുദ്ധ അജണ്ടയിലൂടെ മംദാനി മുഖ്യധാരാ വാർത്താ കേന്ദ്രമായി മാറി. ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിലെ ട്രംപിൻ്റെ ചില ഇടതുപക്ഷ വിരുദ്ധ ഇടപെടലുകൾ മംദാനിയെ സത്യത്തിൽ വൈറലാക്കുകയാണ് ചെയ്തത്.

അഫ്താബ് പുരേവൽ
ദക്ഷിണേന്ത്യൻ അഭയാർത്ഥി ക്യാമ്പിൽ വളർന്ന ടിബറ്റൻ അമ്മയുടെയും പഞ്ചാബി പിതാവിന്റെയും മകൻ

നവംബർ 4 ന്, സിൻസിനാറ്റി മേയറായി രണ്ടാം തവണയും വിജയിച്ചുകൊണ്ട് അഫ്താബ് കർമ്മ സിംഗ് പുരേവൽ പരാജയപ്പെടുത്തിയത് വൈസ് പ്രസിഡൻ്റ് ജെഡി വാസൻസിൻ്റെ അർദ്ധ സഹോദരൻ കോറി ബോമാനെയാണ്.

ഗസാല ഹാഷ്മി
ഹൈദരാബാദിലാണ് ജനിച്ചത്. നവംബർ 4 ന് വെർജീനിയയിൽ വൻ വിജയം നേടിയ ഹാഷ്മി, തന്റെ മികച്ച എതിരാളി റിപ്പബ്ലിക്കൻ ജോൺ റീഡിനെ പരാജയപ്പെടുത്തി യുഎസ് സംസ്ഥാനത്തിന്റെ ലെഫ്റ്റനന്റ് ഗവർണറായി. ലെഫ്റ്റനന്റ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കയിലെ ആദ്യത്തെ മുസ്ലീം വനിത എന്ന നിലയിൽ അവരുടെ വിജയം വളരെ പ്രധാനപ്പെട്ടതാണ്.

ട്രംപ് ഭരണകൂടത്തിനെതിരായ അവരുടെ രാഷ്ട്രീയ നിലപാട് വളരെയെറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പരിചയസമ്പന്നയായ ഒരു അധ്യാപകയും എല്ലാവരെയും ഉൾക്കൊള്ളുന്ന മൂല്യങ്ങളുടെയും സാമൂഹിക നീതിയുടെയും വക്താവും ആണ് താണെന്നും പൊതുവിദ്യാഭ്യാസം, വോട്ടവകാശം, ജനാധിപത്യ സംരക്ഷണം, പ്രത്യുൽപാദന സ്വാതന്ത്ര്യം, തോക്ക് അക്രമം തടയൽ, പരിസ്ഥിതി, പാർപ്പിടം, താങ്ങാനാവുന്ന ആരോഗ്യ സംരക്ഷണം എന്നിവ അവരുടെ മുൻഗണനകളിൽ ഉൾപ്പെടുന്നെന്നും അവർ തന്നെ അവകാശപ്പെടുന്നു.

റോബിൻ ജെ. ഇലക്കാട്ട്

മിസോറി സിറ്റിയുടെ മേയറായി മൂന്നാംവട്ടവും തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം സൃഷ്ടിച്ച മലയാളി. വാശിയേറിയ മൽസരത്തിൽ ജെഫ്രി ബോണിയെയാണ് റോബിൻ തറപറ്റിച്ചത്. മേയര്‍ സ്ഥാനത്തേയ്ക്ക് വീണ്ടും പോരാട്ടം നടത്തിയ റോബിന്‍ ജെ ഇലക്കാട്ട് മുന്നോട്ടുവച്ചത് മിസോറി സിറ്റിയുടെ വികസന തുടര്‍ച്ചയാണ്.

  കോട്ടയം ജില്ലയിലെ കുറുമല്ലൂർ ഗ്രാമത്തിൽ ജനിച്ച റോബിൻ കഴിഞ്ഞ 43 വർഷമായി യുഎസിലാണ് താമസിക്കുന്നത്. മിസൂറി സിറ്റി മേയർ ആകുന്നതിനു മുമ്പ് 2009 മുതൽ 2015 വരെ അദ്ദേഹം നഗരത്തിലെ ഡിസ്ട്രിക്ട് കൗൺസിൽ അംഗമായിരുന്നു.  

യുഎസ് കോൺഗ്രസിൽ ശക്തസാന്നിധ്യമായി സമോസ കോക്കസ്


യുഎസ് രാഷ്ട്രീയത്തിൽ ഇതുവരെ കൈവരിക്കാനാകാത്ത നേട്ടമാണ് യുഎസ് പ്രതിനിധി സഭയിൽ ഇന്ത്യൻ അമേരിക്കക്കാർ നേടിയത്. ആറ് നേതാക്കൾ യുഎസ് പ്രതിനിധി സഭയിലെ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. യുഎസ് കോൺഗ്രസിലെ ഇന്ത്യൻ പ്രവാസികളുടെ ഏറ്റവും വലിയ പ്രാതിനിധ്യമാണ് ഇത്. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ളവരാണ് ആറ് ഇന്ത്യൻ അമേരിക്കക്കാരും.

ആമി ബേര: ലോസ് ഏഞ്ചൽസിൽ ജനിച്ചു. മാതാപിതാക്കൾ ഇന്ത്യക്കാർ. അദ്ദേഹം തുടർച്ചയായി ഏഴാം തവണയാണ് യുഎസ് പ്രതിനിധി സഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്തത്. 2013 മുതൽ കാലിഫോർണിയയിലെ ആറാമത്തെ കോൺഗ്രഷണൽ ഡിസ്ട്രിക്റ്റായ സാക്രമെന്റോ കൗണ്ടിയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ഏറെ കാലം ഡോക്ടറായ സേവനം നോക്കിയ അദ്ദേഹം നിലവിൽ ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ കിഴക്കൻ ഏഷ്യ, പസഫിക് സബ്കമ്മിറ്റിയുടെ റാങ്കിംഗ് അംഗമായും ഹൗസ് പെർമനന്റ് സിലക്ട് കമ്മിറ്റി ഓൺ ഇന്റലിജൻസിലും സേവനമനുഷ്ഠിക്കുന്നു.

റോ ഖന്ന: കാലിഫോർണിയയിലെ 17-ാമത് കോൺഗ്രഷണൽ ഡിസ്ട്രിക്ട് പ്രതിനിധി. ഫിലാഡൽഫിയയിൽ ഇന്ത്യൻ മാതാപിതാക്കൾക്ക് ജനിച്ചു. 2025 ജനുവരിയിൽ, തുടർച്ചയായ അഞ്ചാം തവണയും ഡെമോക്രാറ്റ് ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്തു. എപ്‌സ്റ്റൈൻ ഫയൽസ് ട്രാൻസ്പരൻസി ആക്ടിന്റെ സഹ-രചയിതാവായിരുന്നു. റിപ്പബ്ലിക്കൻ തോമസ് മാസിയായിരുന്നു മറ്റൊരാൾ. അമേരിക്ക മുഴുവൻ ചർച്ച ചെയ്ത വിഷയമായിരുന്നു എപ്‌സ്റ്റൈൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട്. ആ നിയമം വന്നതോടെ എപ്സ്റ്റീനുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ യുഎസ് ജസ്റ്റിസ് ഡിപാർട്മെന്റ് പുറത്തുവിടാൻ തുടങ്ങി.


പ്രമീള ജയപാൽ: ഇന്ത്യയിലെ ചെന്നൈയിൽ ജനിച്ച, വാഷിംഗ്ടണിലെ ഏഴാമത്തെ കോൺഗ്രസ് ജില്ലയിൽ നിന്നുള്ള യുഎസ് പ്രതിനിധി, ഈ തവണ തുടർച്ചയായ അഞ്ചാമത്തെ വിജയമാണ്.

, യുഎസ് പ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ (ദക്ഷിണേഷ്യൻ) അമേരിക്കൻ വനിതതാണ്. വാഷിംഗ്ടൺ സ്റ്റേറ്റിലെ ഏറ്റവും വലിയ കുടിയേറ്റ അഭിഭാഷക സംഘടനയായ വൺഅമേരിക്കയുടെ സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായി അവർ 12 വർഷം ചെലവഴിച്ചു. ഏറ്റവും സമീപകാലത്ത്, ട്രംപിൻ്റെ താരിഫ് ഭനയത്തെ അവർ വെല്ലുവിളിക്കുകയും ഇന്ത്യയും യുഎസും തമ്മിലുള്ള സൗഹൃദത്തിന് കോട്ടം തട്ടിയതിനെ വിമർശിക്കുകയും ചെയ്തു. ഇത് യുഎസിലും ഇന്ത്യയിലും വലിയ ശ്രദ്ധ ആകർഷിച്ച വാർത്തയായിരുന്നു.

രാജ കൃഷ്ണമൂർത്തി: 2017 മുതൽ ഇല്ലിനോയിലെ എട്ടാമത്തെ കോൺഗ്രസ് ജില്ലയുടെ യുഎസ് പ്രതിനിധിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. അദ്ദേഹം ഇന്ത്യയിലെ ന്യൂഡൽഹിയിലാണ് ജനിച്ചത്. കൃഷ്ണമൂർത്തി ചൈന കമ്മിറ്റിയുടെ റാങ്കിംഗ് അംഗവും ഹൗസ് ഇന്റലിജൻസ് കമ്മിറ്റി അംഗവുമാണ്. ട്രംപിൻ്റെ കുടിയേറ്റ വിരുദ്ധ നയത്തിന്റെ കടുത്ത വിമർശകനാണ്. ഈ മാസം ആദ്യം, ഇന്ത്യയ്ക്കുമേലുള്ള ട്രംപിന്റെ താരിഫ് അവസാനിപ്പിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു. നവംബറിൽ, ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിൽ പരിഷ്കരണ നിയമം (HIRE) അദ്ദേഹം വീണ്ടും അവതരിപ്പിച്ചു, ഓരോ വർഷവും ലഭ്യമായ H-1B വിസകളുടെ എണ്ണം നിലവിലുള്ള 65,000 റെഗുലർ പരിധിയിൽ നിന്ന് ഇരട്ടിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ശ്രീ താനേദാർ: 2023 മുതൽ മിഷിഗണിലെ 13-ാമത് കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നുള്ള പ്രതിനിധിയായി സേവനമനുഷ്ഠിക്കുന്ന ശ്രീ താനേദാർ, ബെൽഗാമിലെ (ഇന്നത്തെ കർണാടക, ) ഒരു മറാത്തി കുടുംബത്തിലാണ് ജനിച്ചത്.

എപ്സ്റ്റൈൻ ഫയലുകളുമായി ബന്ധപ്പെട്ട് ട്രംപ് ചിലത് മറച്ചുവയ്ക്കുന്നു എന്ന ആരോപണവുമായി മുന്നോട്ടുവന്നിരുന്നു. AI-യെക്കുറിച്ചുള്ള ഒരു ദ്വികക്ഷി ഹിയറിംഗിൽ താനേദാറിന്റെ “പ്രോ-എച്ച്-1ബി അജണ്ട”യെ റിപ്പബ്ലിക്കൻമാർ രൂക്ഷമായി എതിർത്തിരുന്നു.


സുഹാസ് സുബ്രഹ്മണ്യം: ഇപ്പോൾ വെർജീനിയയിലെ 10-ാമത് കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നു.

യുഎസ് പ്രതിനിധിസഭയിൽ ഉൾപ്പെട്ട ഏറ്റവും പുതിയ ഇന്ത്യൻ വംശജനായ അംഗം. ടെക്സസിലെ ഇന്ത്യൻ തമിഴ് മാതാപിതാക്കൾക്ക് ജനിച്ചു. സുബ്രഹ്മണ്യം 2019-ൽ ഒബാമ ഭരണകാലത്ത് വെർജീനിയ ജനറൽ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ അമേരിക്കക്കാരനായി. ബൈഡൻ ഭരണകാലത്ത് അദ്ദേഹം വൈറ്റ് ഹൗസ് ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചു. ട്രംപിൻ്റെ താരിഫുകളെ അദ്ദേഹം “നിയമവിരുദ്ധം” എന്നാണ് വിശേഷിപ്പിച്ചത്.


Share Email
LATEST excelnclexrn
More Articles
Top