അരിസോണ: അരിസോണയിലെ ടക്സണിൽ നടന്ന ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് റെയ്ഡിനിടെ താൻ പെപ്പർ സ്പ്രേ ആക്രമണത്തിന് ഇരയാകുകയും ഉദ്യോഗസ്ഥരാൽ തള്ളപ്പെടുകയും ചെയ്തുവെന്ന് കോൺഗ്രസ് പ്രതിനിധി ആഡെലിറ്റ ഗ്രിജാൽവ. എന്നാൽ ഈ ആരോപണം ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഉടൻ തന്നെ നിഷേധിച്ചു. താമസസ്ഥലത്തിന് അടുത്തുള്ള ഒരു റെസ്റ്റോറന്റിനടുത്ത് വെച്ചാണ് സംഭവം നടന്നതെന്ന് അരിസോണ ഡെമോക്രാറ്റായ ഗ്രിജാൽവ ‘എക്സി’ൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ പറഞ്ഞു.
മാസ്‌ക് ധരിച്ച 40-ഓളം ഐസിഇ ഏജന്‍റുമാരും നിരവധി വാഹനങ്ങളും തെരുവിൽ തടസ്സപ്പെട്ട നിലയിലായിരുന്നു. നിയമപരമായ നടപടികൾ പാലിക്കാതെ ആളുകളെ പിടികൂടുകയാണെന്ന് ഭയന്ന് ചിലർ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. വളരെ ആക്രമണകാരിയായ ഒരു ഏജന്‍റ് തന്‍റെ മുഖത്തേക്ക് സ്പ്രേ ചെയ്യുകയും മറ്റ് ഏജന്‍റുമാർ തള്ളുകയും ചെയ്തു. താൻ ആക്രമണകാരിയായിരുന്നില്ലെന്നും ഒരു കോൺഗ്രസ് അംഗമെന്ന നിലയിൽ തന്‍റെ അവകാശമായ വിശദീകരണം മാത്രമാണ് താൻ ചോദിച്ചതെന്നും ഗ്രിജാൽവ കൂട്ടിച്ചേർത്തു.
എന്നാൽ ഈ ആരോപണങ്ങൾ സത്യമല്ലെന്ന് ഡിഎച്ച്എസ് വക്താവ് ട്രീഷ്യ മക്ലൗലിൻ ‘എക്സി’ൽ മറുപടി പോസ്റ്റ് ചെയ്തു.
അവരുടെ വാദങ്ങൾ സത്യമാണെങ്കിൽ അത് ഒരു മെഡിക്കൽ അത്ഭുതമാകുമായിരുന്നു. പക്ഷേ അത് സത്യമല്ല. അവർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചിട്ടില്ല. നിയമപാലകരെ തടസപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത ഒരാളുടെ സമീപത്ത് അവർ ഉണ്ടായിരുന്നു, അയാൾക്ക് നേരെയാണ് സ്പ്രേ ചെയ്തെന്നും മക്ലൗലിൻ പറഞ്ഞു.













