ട്രംപിന്‍റെ പേഴ്സണൽ നിയമസഹായികളിൽ ഒരാൾ; ഫെഡറൽ ജഡ്ജിമാർ വിലക്കിയിട്ടും രേഖകളിൽ ലിൻഡ്‌സെ ഹാലിഗന്‍റെ പേര്; കടുത്ത വിമർശനം

ട്രംപിന്‍റെ പേഴ്സണൽ നിയമസഹായികളിൽ ഒരാൾ; ഫെഡറൽ ജഡ്ജിമാർ വിലക്കിയിട്ടും രേഖകളിൽ ലിൻഡ്‌സെ ഹാലിഗന്‍റെ പേര്; കടുത്ത വിമർശനം

അലക്സാണ്ട്രിയ: അലക്സാണ്ട്രിയയിലെ ഫെഡറൽ ജഡ്ജിമാർ, കോടതി രേഖകളിൽ ഇപ്പോഴും യുഎസ് അറ്റോർണിയായി ലിൻഡ്‌സെ ഹാലിഗന്‍റെ പേര് ഉപയോഗിക്കുന്നതിൽ നീതിന്യായ വകുപ്പിനെതിരെ രൂക്ഷ വിമർശനം. ചില ജഡ്ജിമാർ ഔദ്യോഗിക നടപടികൾക്കിടെ കോടതി രേഖകളിൽ നിന്ന് അവരുടെ പേര് നീക്കം ചെയ്യാൻ വരെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ചയിലെ ജില്ലാ കോടതി വിധി പ്രകാരം ഹാലിഗൻ യുഎസ് അറ്റോർണിയല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്ന്, വിർജീനിയയിലെ അലക്സാണ്ട്രിയയിലുള്ള രണ്ട് മജിസ്‌ട്രേറ്റ് ജഡ്ജിമാരും ഒരു ജില്ലാ കോടതി ജഡ്ജിയും, കുറ്റസമ്മത രേഖകളും കുറ്റപത്രങ്ങളും പോലുള്ള പുതിയ ക്രിമിനൽ കേസ് ഫയലിംഗുകളിൽ ഹാലിഗൻ്റെ പേര് ചേർക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർമാരോട് തുറന്ന കോടതിയിൽ ആവശ്യപ്പെട്ടു.

ഇപ്പോൾ ഹാലിഗന്‍റെ പേരിൽ ക്രിമിനൽ ചാർജിംഗ് രേഖകൾ ഫയൽ ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്ന് മജിസ്‌ട്രേറ്റ് വില്യം ഫിറ്റ്സ്പാട്രിക് ഒരു ക്രിമിനൽ കേസ് ഹിയറിംഗിൽ പറഞ്ഞു. ഹാലിഗൻ എല്ലാ കേസുകളിലും യുഎസ് അറ്റോർണിയല്ലെന്ന് വ്യക്തമാക്കുന്ന വിധി പൂർണ്ണമായും വ്യക്തമാണെന്ന് ഫിറ്റ്സ്പാട്രിക്കും മറ്റൊരു ജഡ്ജിയായ മൈക്കിൾ നാച്ച്‌മനോഫും ഈ ആഴ്ച നടന്ന പ്രത്യേക ഹിയറിംഗുകളിൽ പ്രോസിക്യൂട്ടർമാരോട് പറഞ്ഞു.

കോടതിയുടെ വിധിയിൽ നീതിന്യായ വകുപ്പ് അപ്പീൽ നൽകുകയോ അല്ലെങ്കിൽ സാധ്യമായ അപ്പീലിനായി താൽക്കാലികമായി നിർത്തിവെയ്ക്കാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും എടുത്തുപറഞ്ഞു.
പ്രസിഡന്റ് ട്രംപിന്‍റെ പേഴ്സണൽ നിയമസംഘത്തിലെ ജൂനിയർ അഭിഭാഷകയായിരുന്ന ലിൻഡ്‌സെ ഹാലിഗനെ ഈ വർഷം സെപ്റ്റംബറിൽ വിർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിലെ ഇടക്കാല യുഎസ് അറ്റോർണിയായി നിയമിച്ചിരുന്നു.

എന്നാൽ നവംബർ 24 ന് ഒരു ഫെഡറൽ ജഡ്ജി ഈ നിയമനം നിയമവിരുദ്ധമാണെന്ന് വിധിക്കുകയും, ഹാലിഗൻ ചുമത്തിയ കേസുകൾ (മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമി, ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് എന്നിവർക്കെതിരായ കേസുകൾ ഉൾപ്പെടെ) തള്ളിക്കളയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോടതി രേഖകളിൽ നിന്ന് അവരുടെ പേര് ഒഴിവാക്കാനുള്ള ജഡ്ജിമാരുടെ പുതിയ നിർദ്ദേശം വന്നത്.

Share Email
Top