വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് ബോള്‍റൂം നിര്‍മാണ പദ്ധതിയുടെ ആര്‍ക്കിറ്റക്റ്റിനെ മാറ്റി. ബോള്‍റൂമിന്‍റെ വലുപ്പം സംബന്ധിച്ച് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ആദ്യം കരാര്‍ ഏറ്റെടുത്ത ആര്‍ക്കിറ്റക്റ്റുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പുതിയ ആര്‍ക്കിറ്റക്റ്റിനെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് കരാര്‍ ഏറ്റെടുത്തിരുന്ന മക്രാരി ആര്‍ക്കിറ്റക്റ്റ്സും സിഇഒ ജെയിംസ് മക്രാരിയും ഇനി പദ്ധതിയുടെ പ്രധാന ഘടകമാകില്ലെന്ന് വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.
എന്നാല്‍, മക്രാരിയെ പിരിച്ചുവിട്ടിട്ടില്ലെന്നും മറ്റു രണ്ട് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വാദിച്ചു. പദ്ധതിയില്‍ കൺസല്‍ട്ടന്റായി അദ്ദേഹം തുടരുമെന്നും അവര്‍ വിശദീകരിച്ചു. പകരക്കാരായി ചുമതലയേല്‍ക്കുന്നത് വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള ഷാലോം ബറേനെസ് അസോസിയേറ്റ്സാണ്. ജനറല്‍ സെര്‍വീസസ് അഡ്മിനിസ്ട്രേഷന്റെ (ജിഎസ്എ) ദേശീയ ആസ്ഥാനം മുമ്പ് രൂപകല്പന ചെയ്തിട്ടുള്ള ഈ സ്ഥാപനമാണ് പുതിയ നിയോഗം.
“വൈറ്റ് ഹൗസ് ബോള്‍റൂം നിര്‍മാണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഓവല്‍ ഓഫീസിന് ശേഷം വൈറ്റ് ഹൗസിലെ ഏറ്റവും മികച്ച കൂട്ടിച്ചേര്‍ക്കലാകാന്‍ പോകുന്ന പ്രസിഡന്റ് ട്രംപിന്റെ ദർശനം നടപ്പാക്കാന്‍ കഴിവുള്ള ഷാലോം ബറേനെസിന്റെ വിദഗ്ധ ടീമിനെ ഭരണകൂടം സ്വാഗതം ചെയ്യുന്നു,” വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗിൾ പ്രസ്താവനയില്‍ പറഞ്ഞു.
“പതിറ്റാണ്ടുകളായി രാജ്യത്തിന്‍റെ തലസ്ഥാനത്തിന്‍റെ വാസ്തുവിദ്യാപരമായ സ്വതന്ത്ര്യം രൂപപ്പെടുത്തിയെടുത്ത ഒരു പ്രഗത്ഭനായ ആര്‍ക്കിറ്റക്റ്റാണ് ഷാലോം. അദ്ദേഹത്തിന്റെ അനുഭവം ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് വലിയ മുതല്‍ക്കൂട്ടാകും,” ഇംഗിൾ കൂട്ടിച്ചേര്‍ത്തു. തുടക്കത്തില്‍ 200 മില്യണ്‍ ഡോളര്‍ ചെലവില്‍ 90,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 650 പേര്‍ക്ക് ഇരിക്കാവുന്ന ബോള്‍റൂമായിരുന്നു പദ്ധതി. എന്നാല്‍, പ്രസിഡന്റ് ട്രംപിന്റെ നിര്‍ബന്ധപ്രകാരം വലുപ്പം വര്‍ധിപ്പിച്ചതോടെ ചെലവ് 300 മില്യണ്‍ ഡോളറായി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.













