കരാർ എന്നാൽ കരാറാണെന്ന് മറക്കരുത്, ട്രംപിനോട് കൃത്യമായ നിലപാട്; പുതിയ നികുതി പ്രഖ്യാപനത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് അതൃപ്തി

കരാർ എന്നാൽ കരാറാണെന്ന് മറക്കരുത്, ട്രംപിനോട് കൃത്യമായ നിലപാട്; പുതിയ നികുതി പ്രഖ്യാപനത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് അതൃപ്തി

ബ്രസ്സൽസ്/വാഷിംഗ്ടൺ: കഴിഞ്ഞ വർഷം ഒപ്പുവെച്ച ഉഭയകക്ഷി വ്യാപാര കരാർ ലംഘിക്കരുതെന്ന് അമേരിക്കയോട് യൂറോപ്യൻ യൂണിയൻ ശക്തമായി ആവശ്യപ്പെട്ടു. സുപ്രീം കോടതി ചില നികുതികൾ റദ്ദാക്കിയതിന് പിന്നാലെ ഡോണൾഡ് ട്രംപ് പുതുതായി 15 ശതമാനം ആഗോള നികുതി പ്രഖ്യാപിച്ചത് യൂറോപ്യൻ രാജ്യങ്ങളെ വളരെ ചൊടിപ്പിച്ചിരിക്കുകയാണ്. “കരാർ എന്നാൽ കരാറാണ്” എന്ന കടുത്ത ഭാഷയിലാണ് യൂറോപ്യൻ കമ്മീഷൻ പ്രതികരിച്ചത്. മുൻകൂട്ടി ധാരണയായതിനേക്കാൾ അധിക നികുതി യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്നത് അനുവദിക്കില്ലെന്നും, തങ്ങൾക്ക് ഏറ്റവും മികച്ച പരിഗണന തുടരണമെന്നും ഇയു വ്യക്തമാക്കി.
അമേരിക്കയുമായുള്ള വ്യാപാര കരാർ അംഗീകരിക്കാനായി യൂറോപ്യൻ പാർലമെന്റിൽ ഇന്ന് (ഫെബ്രുവരി 24) നടക്കേണ്ടിയിരുന്ന നിർണായക വോട്ടെടുപ്പ് താൽക്കാലികമായി മാറ്റിവെച്ചു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് പാർലമെന്റ് ട്രേഡ് കമ്മിറ്റി ചെയർമാൻ ബെർണ്ട് ലാംഗ് അറിയിച്ചു.

ട്രംപിന്റെ പുതിയ 15 ശതമാനം നികുതി നേരത്തെ കരാറിൽ ഉൾപ്പെടുത്തിയ ഇളവുകളെ ബാധിക്കുമോ എന്നതാണ് പ്രധാന ആശങ്ക. വിമാന ഭാഗങ്ങൾ പോലുള്ള ചില ഉൽപ്പന്നങ്ങൾക്ക് നികുതി ഒഴിവാക്കാൻ മുൻപ് ധാരണയുണ്ടായിരുന്നു. എന്നാൽ എല്ലാവർക്കും 15 ശതമാനം നികുതി എന്ന പുതിയ നയം ഈ ഇളവുകളെ ഇല്ലാതാക്കിയേക്കാം. അമേരിക്കയുടെ നയത്തിൽ മാറ്റമില്ലെന്നും, നിയമപരമായ അടിസ്ഥാനം മാത്രമാണ് മാറിയതെന്നും യുഎസ് ട്രേഡ് പ്രതിനിധി ജെയിംസൺ ഗ്രീർ വ്യക്തമാക്കി. കരാറുകളിൽ നിന്ന് പിന്മാറില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചെങ്കിലും, പ്രായോഗികമായി ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യം വ്യക്തമല്ല.

കഴിഞ്ഞ വർഷം അമേരിക്കയും യൂറോപ്യൻ യൂണിയനും ഒപ്പിട്ട കരാറാണിത്.
അതനുസരിച്ച് മിക്ക യൂറോപ്യൻ ഉൽപ്പന്നങ്ങൾക്കും 15 ശതമാനത്തിൽ കൂടുതൽ നികുതി ചുമത്തില്ലെന്ന് അമേരിക്ക ഉറപ്പുനൽകിയിരുന്നു. പകരം അമേരിക്കൻ കാർഷിക-വ്യവസായ ഉൽപ്പന്നങ്ങൾക്ക് ഇയു നികുതി ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു.

Share Email
LATEST
More Articles
Top