ട്രംപിന്‍റെ മാറ ലാഗോയിൽ വൻ സുരക്ഷാ വീഴ്ച, തോക്കുമായി എത്തിയ യുവാവിനെ വെടിവെച്ചുകൊന്നു; വിവരങ്ങൾ പുറത്ത്

ട്രംപിന്‍റെ മാറ ലാഗോയിൽ വൻ സുരക്ഷാ വീഴ്ച, തോക്കുമായി എത്തിയ യുവാവിനെ വെടിവെച്ചുകൊന്നു; വിവരങ്ങൾ പുറത്ത്

ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഫ്ലോറിഡയിലെ മാറ ലാഗോ എസ്റ്റേറ്റിൽ അതിക്രമിച്ചു കയറിയ സായുധനായ യുവാവിനെ രഹസ്യാന്വേഷണ വിഭാഗം വെടിവെച്ചുകൊന്നു. ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. നോർത്ത് കരോലിന സ്വദേശിയായ 21-കാരൻ ഓസ്റ്റിൻ ടക്കർ മാർട്ടിൻ ആണ് കൊല്ലപ്പെട്ടതെന്ന് എഫ്ബിഐ തിരിച്ചറിഞ്ഞു. ഇയാൾ ഒരു ഷോട്ട്ഗണും ഇന്ധനം നിറച്ച കാനും കൈവശം വെച്ചിരുന്നു. ഗേറ്റ് വഴി മറ്റൊരു വാഹനം പുറത്തേക്ക് പോകുന്നതിനിടെയാണ് ഇയാൾ അകത്തേക്ക് കടന്നത്.

ആയുധം താഴെയിടാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തോക്ക് ഉദ്യോഗസ്ഥർക്ക് നേരെ ചൂണ്ടിയതോടെയാണ് വെടിയുതിർത്തതെന്ന് പാം ബീച്ച് കൗണ്ടി ഷെരീഫ് അറിയിച്ചു. സംഭവസമയത്ത് പ്രസിഡന്റ് ട്രംപോ പ്രഥമ വനിത മെലാനിയ ട്രംപോ മാറലാഗോയിൽ ഉണ്ടായിരുന്നില്ല. അവർ വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിലായിരുന്നു.
എഫ്ബിഐയും സീക്രട്ട് സർവീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെയുള്ള കണ്ടെത്തലുകൾ പ്രകാരം ഓസ്റ്റിൻ ടക്കർ മാർട്ടിൻ അടുത്തിടെ പുറത്തുവന്ന ജെഫ്രി എപ്‌സ്റ്റീൻ ഫയലുകളെക്കുറിച്ച് അതീവ ഉത്കണ്ഠാകുലനായിരുന്നു.

സർക്കാർ സത്യങ്ങൾ മറച്ചുവെക്കുകയാണെന്ന് ഇയാൾ വിശ്വസിച്ചിരുന്നതായി സഹപ്രവർത്തകർക്ക് അയച്ച സന്ദേശങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾ ഒരു ട്രംപ് അനുകൂലിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും എപ്‌സ്റ്റീൻ കേസിൽ സർക്കാർ കാണിക്കുന്ന നിശബ്ദതയിൽ ഇയാൾ അസ്വസ്ഥനായിരുന്നു.
ഇയാൾക്ക് ചില മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും കുറച്ചു ദിവസങ്ങൾക്ക് മുൻപ് വീട്ടിൽ നിന്ന് കാണാതായതിനെത്തുടർന്ന് കുടുംബം പരാതി നൽകിയിരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Share Email
LATEST
More Articles
Top