ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പുവെച്ച പുതിയ വ്യാപാരക്കരാർ രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടുത്ത ആക്രമണമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. മോദി സർക്കാരിന്റേത് നാണംകെട്ട കീഴടങ്ങലാണെന്ന് വിമർശിച്ച പിബി, ഈ കരാർ ഇന്ത്യയുടെ കാർഷിക മേഖലയെയും സാമ്പത്തിക വ്യവസ്ഥയെയും തകർക്കുമെന്നും കുറ്റപ്പെടുത്തി. അമേരിക്കയിൽ നിന്നുള്ള പരുത്തി, നട്സ്, സോയബീൻ ഓയിൽ ഉൾപ്പെടെയുള്ള ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കിയത് ആഭ്യന്തര വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വിദേശ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണി കീഴടക്കുന്നതോടെ രാജ്യത്തെ കർഷകർ പട്ടിണിയിലാകുമെന്നും സിപിഎം പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.
ഇതിനോടകം തന്നെ കടുത്ത പ്രതിസന്ധി നേരിടുന്ന ഹിമാചൽ പ്രദേശിലെയും കാശ്മീരിലെയും ആപ്പിൾ കർഷകരുടെ നില പുതിയ കരാറോടെ പൂർണ്ണമായും തകരുമെന്ന് പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. അമേരിക്കൻ താല്പര്യങ്ങൾക്ക് വഴങ്ങി ഇന്ത്യൻ കർഷകരുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമാണിത്. രാജ്യത്തിന്റെ താല്പര്യങ്ങൾ ബലികഴിച്ച് അമേരിക്കൻ കുത്തകകൾക്ക് ഇന്ത്യൻ വിപണി തുറന്നുകൊടുക്കുന്നതിലൂടെ ദൂരവ്യാപകമായ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക. രാജ്യത്തെ കാർഷിക സ്വയംപര്യാപ്തതയെ അട്ടിമറിക്കുന്ന ഈ ജനവിരുദ്ധ കരാറിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം ആഹ്വാനം ചെയ്തു.



















