മുഖ്യമന്ത്രി മിടുമിടുക്കൻ, സതീശനുമായി അന്നും ഇന്നും പിണക്കമില്ല; നിലപാടിൽ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി, പിണറായിക്കും പ്രശംസ

മുഖ്യമന്ത്രി മിടുമിടുക്കൻ, സതീശനുമായി അന്നും ഇന്നും പിണക്കമില്ല; നിലപാടിൽ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി, പിണറായിക്കും പ്രശംസ

മുഖ്യമന്ത്രി വി.ഡി. സതീശനോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി.ഡി. സതീശനുമായി അന്നും ഇന്നും പിണക്കമില്ലെന്നും വിഷയാധിഷ്ഠിതമായ അഭിപ്രായവ്യത്യാസങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മുഖ്യമന്ത്രി മിടുമിടുക്കനാണെന്നും എല്ലാവരും ഈ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞുവെന്നും പറഞ്ഞ അദ്ദേഹം, സതീശൻ കണിച്ചുകുളങ്ങരയിൽ വന്നാൽ സ്വീകരിക്കുമെന്നും ആരും തന്റെ വീട്ടിലേക്ക് വരുന്നത് നിഷേധിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

എൻഎസ്എസ് പറഞ്ഞതുപോലെ അവിടെ കയറിപ്പോകരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എൻഎസ്എസുമായി പിണങ്ങിയതും ഇണങ്ങിയതുമൊക്കെ അവരുടെ കാര്യമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. മുഖ്യമന്ത്രിയായ ശേഷം സതീശൻ തന്നെയോ താൻ അങ്ങോട്ടോ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സതീശന് വട്ടാണെന്നും ഊളമ്പാറയിൽ ചികിത്സിപ്പിക്കണമെന്നും പറഞ്ഞത് അന്നദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വിഷയാടിസ്ഥാനത്തിൽ നടത്തിയ വിമർശനമാണെന്നും കുറച്ചുകൂടി പക്വത വേണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.

പിണറായി വിജയൻ നിലപാടുള്ള നേതാവാണെന്നും അതിന്റെ ഗുണവും ദോഷവും അദ്ദേഹം അനുഭവിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. പിണറായിയുടെ കാറിൽ കയറിയതിൽ ഒരു തെറ്റുമില്ലെന്നും എൽഡിഎഫ് തോറ്റതിന് തന്നെ പഴിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തോറ്റു കഴിഞ്ഞപ്പോൾ തന്നെ വിമർശിച്ചതിൽ ഊക്ക് പോരാ എന്നു പറഞ്ഞുവെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രതിപക്ഷമായ പി. ജയരാജൻ തന്നെ വിടുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

മൈക്രോ ഫിനാൻസ് കേസിലെ കുറ്റപത്രത്തിൽ താൻ പ്രതിയല്ലെന്നും തന്നെ പ്രതിയാക്കണമെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. തന്നെ പ്രതി ചേർക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പ്രതിയാക്കാനുള്ള നീക്കം മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെ തമ്മിൽതല്ല് സ്വാഭാവികമാണെന്നും യുഡിഎഫിൽ ചക്കളത്തിപ്പോര് പതിവാണെന്നും എൽഡിഎഫിൽ ജയരാജന്മാർ തമ്മിലും പോരാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. തനിക്ക് ആരോടും സോഫ്റ്റ് കോർണർ ഇല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, തിരുപ്പരങ്കുണ്ട്രത്ത് ദീപം തെളിയിക്കാത്ത വിജയ് സർക്കാരിന്റെ നടപടി നീതിപീഠത്തോടുള്ള അവഗണനയും വിശ്വാസികളോടും ഹൈന്ദവരോടുമുള്ള ചതിയുമാണെന്നും പ്രതികരിച്ചു.

Share Email
LATEST excelnclexrn
Top