തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും ഒന്നിച്ച ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖം പുറത്തിറങ്ങി. തന്റെ രാഷ്ട്രീയ ജീവിതത്തിലെ കഠിനമായ അനുഭവങ്ങളെക്കുറിച്ചും വ്യക്തിപരമായ ഇഷ്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി മനസ്സ് തുറന്നു. രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിൽ നേരിട്ട ശാരീരിക പീഡനങ്ങളെക്കുറിച്ച് സംസാരിക്കവെ, ‘ശരീരത്തിലെ തൊലി ഉരിഞ്ഞുപോയ ലോക്കപ്പ് മർദ്ദന’ കാലത്തെക്കുറിച്ച് അദ്ദേഹം വൈകാരികമായി ഓർത്തെടുത്തു. അ
തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നുവെന്ന് നടൻ മോഹൻലാലുമായുള്ള പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചു. അമ്മയുടെ മരണവാർത്ത പോലും പുറത്തുള്ളവരെ അറിയിക്കാൻ കഴിയാത്ത വിധം താൻ തളർന്നുപോയ ആ നിമിഷം അദ്ദേഹം ഓർമ്മിച്ചു.
സിനിമയോടുള്ള താൽപ്പര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, തനിക്ക് ആക്ഷൻ സിനിമകളോടാണ് പ്രിയമെന്നും രജനീകാന്തിന്റെ ചിത്രങ്ങൾ ഇഷ്ടമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. മോഹൻലാലിന്റെ കഥാപാത്രങ്ങളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചത് ശ്രദ്ധേയമായി. ഭരണനേട്ടങ്ങൾക്കൊപ്പം തന്റെ ആത്മകഥയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അഭിമുഖത്തിൽ സൂചിപ്പിച്ചു.
തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് രണ്ട് ദിവസമെടുത്താണ് ഈ പ്രത്യേക പരിപാടി ചിത്രീകരിച്ചത്. രാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധം പങ്കുവെച്ചുകൊണ്ടാണ് അഭിമുഖം ആരംഭിക്കുന്നത്. സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം തയ്യാറാക്കിയ ഈ അഭിമുഖം പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറാണ് അണിയിച്ചൊരുക്കിയത്.













