ന്യൂഡൽഹി: എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ജുഡീഷ്യറിക്കെതിരെ പരാമർശങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാരിന് കടുത്ത തിരിച്ചടി. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തി രേഖപ്പെടുത്തി. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ജുഡീഷ്യറിയിൽ അഴിമതിയുണ്ടെന്ന തരത്തിലുള്ള പാഠഭാഗങ്ങൾക്കെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന് കടുത്ത മുന്നറിയിപ്പാണ് നൽകിയത്. തുടർന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്‌ക്കൊപ്പം സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ കോടതിയിൽ നേരിട്ട് ഹാജരായി.പുസ്തകം പിൻവലിച്ചു: വിവാദമായ പാഠപുസ്തകം പിൻവലിച്ചതായി കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.തെറ്റായ വിവരങ്ങൾ പാഠപുസ്തകത്തിൽ കടന്നുകൂടിയതിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കും.













