ഇസ്രായേലിൽ യുപിഐയും സ്വതന്ത്ര വ്യാപാരവും; തന്ത്രപ്രധാന നീക്കങ്ങളുമായി മോദി-നെതന്യാഹു കൂടിക്കാഴ്ച, വമ്പൻ പ്രഖ്യാപനങ്ങൾ

ഇസ്രായേലിൽ യുപിഐയും സ്വതന്ത്ര വ്യാപാരവും; തന്ത്രപ്രധാന നീക്കങ്ങളുമായി മോദി-നെതന്യാഹു കൂടിക്കാഴ്ച, വമ്പൻ പ്രഖ്യാപനങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രായേൽ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണ്ണായകമായി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചയിൽ പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ യുപിഐ സംവിധാനം ഇസ്രായേലിലും ലഭ്യമാക്കാൻ ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്നും മോദി പ്രഖ്യാപിച്ചു.

ബഹിരാകാശം, സിവിലിയൻ ന്യൂക്ലിയർ എനർജി എന്നീ മേഖലകളിൽ പുതിയ പങ്കാളിത്തം ഉറപ്പാക്കും. കൃഷിരീതികൾ മെച്ചപ്പെടുത്താൻ ‘വില്ലേജസ് ഓഫ് എക്സലൻസ്’ പദ്ധതി വ്യാപിപ്പിക്കാനും ഉന്നതതല ഗവൺമെന്റ് മീറ്റിംഗ് ഇന്ത്യയിൽ നടത്താനും തീരുമാനമായി. ഗാസ സമാധാന പദ്ധതിയെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇന്ത്യ എപ്പോഴും സമാധാനത്തിനൊപ്പമാണെന്ന് ആവർത്തിച്ചു.

ഇസ്രായേൽ പാർലമെന്റിന്റെ പരമോന്നത ബഹുമതിയായ സ്പീക്കർ മെഡൽ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഇത് 140 കോടി ജനങ്ങൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഒൻപത് വർഷത്തിന് ശേഷമുള്ള സന്ദർശനം അഭിമാനകരമാണെന്നും ഇന്ത്യയുമായുള്ള ബന്ധം ഹൃദയപരമാണെന്നും ഇരുനേതാക്കളും വ്യക്തമാക്കി.

Share Email
LATEST
Top