വാഷിംഗ്ടൺ: സ്വന്തം പാർട്ടിയിലെ അംഗത്തിന് നേരെ ഉയർന്ന ഗുരുതരമായ ധാർമ്മിക ആരോപണങ്ങളിൽ പെട്ടെന്ന് നടപടിയെടുക്കില്ലെന്ന നിലപാടുമായി യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ. ടെക്സാസിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ടോണി ഗോൺസാലസ് രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അന്വേഷണം പൂർത്തിയാകാൻ കാത്തിരിക്കണമെന്ന് ജോൺസൺ വ്യക്തമാക്കിയത്. ടോണി ഗോൺസാലസ് തന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥയുമായി അവിഹിത ബന്ധം പുലർത്തിയിരുന്നു എന്നാണ് ആരോപണം. ഈ ഉദ്യോഗസ്ഥ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് വിഷയം രാഷ്ട്രീയ ചർച്ചയായത്.
ഗോൺസാലസ് ഉദ്യോഗസ്ഥയ്ക്ക് അയച്ച അശ്ലീല ചുവയുള്ള സന്ദേശങ്ങൾ ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവ് സിഎൻഎന്നിന് കൈമാറി. ഒരു “സെക്സി ചിത്രം” ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളും ഇതിലുണ്ട്. ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ശ്രമമാണിതെന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് ജോൺസൺ സമ്മതിച്ചു. എന്നാൽ ടെക്സസ് സംസ്ഥാന ഭരണകൂടവും ഓഫീസ് ഓഫ് കോൺഗ്രഷണൽ കണ്ടക്റ്റും നടത്തുന്ന അന്വേഷണങ്ങൾ അവസാനിക്കുന്നത് വരെ കാത്തിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ഗോൺസാലസ് തന്റെ മണ്ഡലത്തിലെ വോട്ടർമാരോട് നേരിട്ട് കാര്യങ്ങൾ വിശദീകരിക്കണമെന്ന് സ്പീക്കർ നിർദ്ദേശിച്ചു.
നേരത്തെ ഗോൺസാലസിനെ പിന്തുണച്ചിരുന്ന ജോൺസൺ, ആരോപണങ്ങൾ വരുന്നതിന് മുൻപായിരുന്നു ആ പിന്തുണ നൽകിയതെന്ന് ഓർമ്മിപ്പിച്ചു. മാർച്ച് 3-ന് നടക്കാനിരിക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ ഗോൺസാലസിന്റെ രാഷ്ട്രീയ ഭാവി നിർണ്ണായകമാകും. ടെക്സാസിലെ ഗോൺസാലസിന്റെ സീറ്റിലേക്ക് യൂട്യൂബ് സെലിബ്രിറ്റിയായ ബ്രാൻഡൻ ഹെരേര ആണ് എതിരാളിയായി വരുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഈ വിവാദം ഉയർന്നത് റിപ്പബ്ലിക്കൻ പാർട്ടിക്ക് തലവേദനയായിട്ടുണ്ട്. ഗൗരവമായ ധാർമ്മിക ആരോപണങ്ങൾ നേരിടുന്ന ഒരാളെ സ്പീക്കർ സംരക്ഷിക്കുന്നു എന്ന ആരോപണം ഡെമോക്രാറ്റുകൾ ഇതിനകം ഉയർത്തിക്കഴിഞ്ഞു.













