ജുഡീഷ്യറിയിൽ അഴിമതിയെന്ന് പാഠപുസ്തകം; എൻസിഇആർടി പുസ്തകത്തിന് സുപ്രീം കോടതിയുടെ നിരോധനം

ജുഡീഷ്യറിയിൽ അഴിമതിയെന്ന് പാഠപുസ്തകം; എൻസിഇആർടി പുസ്തകത്തിന് സുപ്രീം കോടതിയുടെ നിരോധനം

എട്ടാം ക്ലാസിലെ സിവിക്സ് പാഠപുസ്തകത്തിൽ ജുഡീഷ്യറിയിൽ അഴിമതിയുണ്ടെന്ന് പരാമർശിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി. വിവാദ പരാമർശങ്ങൾ അടങ്ങിയ പുസ്തകത്തിന്റെ വിതരണവും വിൽപനയും കോടതി പൂർണ്ണമായും നിരോധിച്ചു. ജുഡീഷ്യറിയെ അവഹേളിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

പാഠപുസ്തകത്തിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിരുപാധികം മാപ്പപേക്ഷിക്കുകയും ചെയ്തു. പുസ്തകം തയ്യാറാക്കിയ സമിതിയിലെ അംഗങ്ങളെ ഇനി ഒരു സർക്കാർ സമിതികളിലും ഉൾപ്പെടുത്തില്ലെന്ന് കേന്ദ്രം കോടതിയിൽ ഉറപ്പുനൽകി. ഇത്തരം ഗുരുതരമായ വീഴ്ചകൾ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എൻസിഇആർടി ഡയറക്ടറോട് കോടതി നിർദ്ദേശിച്ചു.

പുസ്തകങ്ങൾ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ടെങ്കിൽ അവ തിരിച്ചുവിളിക്കണമെന്നും കോടതി ഉത്തരവിട്ടു. ഭരണഘടനാ സ്ഥാപനങ്ങളെക്കുറിച്ച് തെറ്റായ ധാരണകൾ കുട്ടികളിൽ ഉണ്ടാക്കുന്നത് രാജ്യത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നേരത്തെ തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കുമ്പോൾ എൻസിഇആർടി സ്വീകരിച്ച നടപടികൾ കോടതി വിലയിരുത്തും.

Share Email
LATEST
More Articles
Top