അമേരിക്ക ഒപ്പമുണ്ട്, ഇറാനിയൻ ജനതയ്ക്ക് വ്യക്തമായ സന്ദേശം; അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രതിരോധ സെക്രട്ടറി

അമേരിക്ക ഒപ്പമുണ്ട്, ഇറാനിയൻ ജനതയ്ക്ക് വ്യക്തമായ സന്ദേശം; അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രതിരോധ സെക്രട്ടറി

ടെഹ്റാൻ: ഇറാനിൽ നിലവിലുള്ള ഭരണകൂടത്തെ പുറത്താക്കാനല്ല യുദ്ധമെന്ന് ആവർത്തിക്കുമ്പോഴും, അവിടെ ഒരു ഭരണമാറ്റത്തിനുള്ള സാഹചര്യം ഇറാനിയൻ ജനത പ്രയോജനപ്പെടുത്തണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. തിങ്കളാഴ്ച പെന്റഗണിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ നിർണ്ണായക പ്രസ്താവന നടത്തിയത്. ഇറാനിലെ ജനങ്ങൾക്ക് മുന്നിലുള്ളത് വലിയൊരു അവസരമാണെന്നും ഇത് വിനിയോഗിക്കേണ്ട സമയമാണെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതായും ഹെഗ്‌സെത്ത് പറഞ്ഞു. ഈ വർഷം ആദ്യം ഇറാനിൽ നടന്ന ജനകീയ പ്രതിഷേധങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, മാറ്റത്തിന് ആഗ്രഹിക്കുന്ന ജനതയുടെ നിമിഷമാണിതെന്നു കൂട്ടിച്ചേർത്തു.

ഇതൊരു ‘ഭരണമാറ്റ യുദ്ധം’അല്ലെന്ന് വിശേഷിപ്പിക്കുമ്പോഴും, ഭരണകൂടത്തിൽ മാറ്റം വരുന്നത് ലോകത്തിന് ഗുണകരമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കങ്ങളിൽ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി ഉൾപ്പെടെയുള്ള നിരവധി ഇറാനിയൻ നേതാക്കൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഈ പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്റെ വിധി നിർണ്ണയിക്കാൻ ഇറാൻ ജനത മുന്നോട്ട് വരണമെന്നും നിങ്ങളുടെ പോരാട്ടത്തിന് പിന്നിൽ അമേരിക്കയുടെ കരുത്തുണ്ടാകുമെന്നും കഴിഞ്ഞ ശനിയാഴ്ച പ്രസിഡന്റ് ട്രംപ് ആഹ്വാനം ചെയ്തിരുന്നു.

അതിശക്തമായ സൈനിക പ്രഹരങ്ങളിലൂടെ ഇറാനിയൻ നേതൃത്വത്തെ തകർത്ത സാഹചര്യത്തിൽ, ജനകീയ മുന്നേറ്റത്തിലൂടെ പുതിയൊരു ഭരണക്രമം അവിടെ ഉണ്ടാകണമെന്നാണ് വാഷിംഗ്ടൺ ആഗ്രഹിക്കുന്നത്. അമേരിക്ക നൽകുന്ന ഈ പരസ്യമായ പിന്തുണ ഇറാനിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൈനിക നടപടികൾ തുടരുന്നതിനൊപ്പം തന്നെ ഇറാനിലെ ഭരണാധികാര കേന്ദ്രങ്ങളെ പൂർണ്ണമായും നിഷ്ക്രിയമാക്കുക എന്ന തന്ത്രമാണ് ട്രംപ് ഭരണകൂടം ഇപ്പോൾ പയറ്റുന്നത്.

Share Email
LATEST
More Articles
Top