ടെഹ്റാൻ: സൗദി അറേബ്യയിലെ പ്രശസ്തമായ റാസ് തനൂറ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി തഖ്ത്-രവാഞ്ചി. കഴിഞ്ഞ ദിവസം രണ്ട് ഡ്രോണുകൾ തകർത്തതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ചാണ് എണ്ണശാലയിൽ തീപിടുത്തമുണ്ടായതെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു. അയൽരാജ്യങ്ങളുമായി ഏറ്റവും നല്ല ബന്ധമാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ തങ്ങളെ ആക്രമിക്കാൻ കൂട്ടുനിൽക്കുന്നവർക്കെതിരെ മുൻകരുതൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയോ ഇസ്രായേലോ ഇറാനെ ആക്രമിക്കുകയാണെങ്കിൽ, മേഖലയിലുള്ള എല്ലാ അമേരിക്കൻ സൈനിക താവളങ്ങളും ആസ്തികളും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളായിരിക്കുമെന്ന് അയൽരാജ്യങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നതായി മന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം ഇത്തരം സൈനിക താവളങ്ങളെ ആക്രമിക്കുന്നത് സ്വയം പ്രതിരോധത്തിനുള്ള നിയമാനുസൃതമായ അവകാശമാണെന്നും അദ്ദേഹം വാദിച്ചു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ ഏത് നടപടിയും കൈക്കൊള്ളാൻ ഇറാൻ സജ്ജമാണെന്ന് അദ്ദേഹം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുടെ വധത്തിൽ ഇറാനിയൻ ജനത അതീവ ക്രോധത്തിലാണെന്ന് തഖ്ത്-രവാഞ്ചി പറഞ്ഞു. ഇറാനിൽ മാത്രമല്ല, മറ്റ് ഇസ്ലാമിക രാജ്യങ്ങളിലും അനുയായികളുള്ള ഒരു നേതാവിനെതിരെയുണ്ടായ ഈ നീക്കം നഗ്നമായ അധിനിവേശമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. എത്രകാലം അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇറാനാകും എന്ന ചോദ്യത്തിന്, തങ്ങളുടെ പരമാവധി ശക്തി ഉപയോഗിച്ച് പോരാടുമെന്നും പരമാധികാരവും ജനങ്ങളെയും സംരക്ഷിക്കുന്നതിൽ സമയപരിധി ഒരു തടസ്സമല്ലെന്നും അദ്ദേഹം മറുപടി നൽകി.













