യുഎസ് വെറും ഭരണമാറ്റം മാത്രമല്ല ഈ യുദ്ധത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റഷ്യ; വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യം

യുഎസ് വെറും ഭരണമാറ്റം മാത്രമല്ല ഈ യുദ്ധത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റഷ്യ; വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യം

മോസ്കോ: മധ്യപൂർവേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നടപടികൾ മേഖലയെ മുഴുവൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇറാനിലെ യു.എസ്-ഇസ്രായേൽ ആക്രമണങ്ങളെയും അതിനെത്തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളെയും റഷ്യ അതീവ ഗൗരവത്തോടെയാണ് വിലയിരുത്തുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്നുള്ളത് നഗ്നമായ അധിനിവേശമാണെന്നും ഇത് മേഖലയിലെ സ്ഥിരതയെ തകർക്കുമെന്നും മോസ്കോ വിമർശിച്ചു.

ഇറാനിൽ വെറും ഭരണമാറ്റം മാത്രമല്ല ഈ യുദ്ധത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇറാനും അയൽ അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള നിലവിലെ നയതന്ത്ര ബന്ധങ്ങളെ തകർക്കാനും മേഖലയിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുമാണ് ഈ നീക്കങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ. ഇറാനിലെ മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന ബോംബാക്രമണത്തെ റഷ്യ ശക്തമായി അപലപിച്ചു. കുഞ്ഞുങ്ങളുടെ ജീവനെടുത്ത ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.

പ്രതിസന്ധി പരിഹരിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനി എന്നിവരുമായി തിങ്കളാഴ്ച ഫോണിൽ ചർച്ച നടത്തി. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെയും വിട്ടുവീഴ്ചകളിലൂടെയും പരിഹരിക്കാൻ റഷ്യ എപ്പോഴും തയ്യാറാണെന്ന് യുഎഇ നേതാവിനോട് പുടിൻ അറിയിച്ചു. യുദ്ധം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക ഖത്തർ അമീറുമായുള്ള സംഭാഷണത്തിൽ പുടിൻ പങ്കുവെച്ചു. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും സംയുക്തമായ നടപടികൾ സ്വീകരിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് ആഹ്വാനം ചെയ്തു.

Share Email
LATEST
Top