ഡൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു; 232 യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഡൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു; 232 യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Share Email

ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച പുലർച്ചെ വിമാനാപകടം തലനാരിഴയ്ക്ക് ഒഴിവായി. ഡൽഹിയിൽ നിന്ന് സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെടാനിരുന്ന സ്വിസ് ഇന്റർനാഷണൽ എയർലൈൻസിന്റെ (LX147) വിമാനത്തിനാണ് റൺവേയിൽ വെച്ച് തീപിടിച്ചത്. 228 മുതിർന്ന യാത്രക്കാരും നാല് കുട്ടികളുമടക്കം 232 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ വിമാനം റൺവേയിലൂടെ കുതിച്ചുയരാൻ (Take-off roll) തുടങ്ങിയപ്പോഴാണ് വിമാനത്തിന്റെ ഒന്നാം നമ്പർ എഞ്ചിനിൽ തകരാർ സംഭവിക്കുകയും തീ പടരുകയും ചെയ്തത്. വിമാനം ഏകദേശം 100 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. എഞ്ചിനിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പൈലറ്റുമാർ സെക്കന്റുകൾക്കുള്ളിൽ തന്നെ ടേക്ക് ഓഫ് ഉപേക്ഷിക്കുകയും വിമാനം റൺവേയിൽ തന്നെ സുരക്ഷിതമായി നിർത്തുകയും ചെയ്തു.

ഉടൻ തന്നെ അടിയന്തര സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് യാത്രക്കാരെ എമർജൻസി സ്ലൈഡുകൾ വഴി പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ആറ് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ലൈഡുകൾ ഉപയോഗിക്കാൻ കഴിയാത്ത ചുരുക്കം ചില യാത്രക്കാർക്ക് വേണ്ടി ഗോവണികൾ ഉപയോഗിച്ചാണ് ഒഴിപ്പിക്കൽ പൂർത്തിയാക്കിയത്. വിമാനത്തിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.സംഭവത്തെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ 28-ാം നമ്പർ റൺവേ താത്കാലികമായി അടച്ചു. വിമാനത്തിനുണ്ടായ സാങ്കേതിക തകരാറിനെക്കുറിച്ച് അന്വേഷിക്കാൻ സ്വിസ് എയർ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. യാത്രക്കാർക്ക് താമസ സൗകര്യവും പകരം വിമാനങ്ങളും ഏർപ്പെടുത്തിയതായി എയർലൈൻ അധികൃതർ വ്യക്തമാക്കി.

Share Email
LATEST excelnclexrn
Top