ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു,തലയിണയുടെ അടിയിൽ പാമ്പ്

ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു,തലയിണയുടെ അടിയിൽ പാമ്പ്

തൃശൂർ ജില്ലയിലെ കൊടകര മറ്റത്തൂരിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു. മറ്റത്തൂർ കടമ്പോട് കാവുങ്ങൽ സിൽജോയുടെ മകൻ ആൽജോ ആണ് ദാരുണമായി മരണപ്പെട്ടത്. ആൽജോയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന പത്തു വയസ്സുകാരനായ സഹോദരൻ അനോജിനും പാമ്പുകടിയേറ്റിട്ടുണ്ട്. അനോജ് നിലവിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ഉറക്കത്തിനിടയിൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആദ്യം മാതാപിതാക്കൾ കരുതിയത് ഭക്ഷ്യവിഷബാധയാണെന്നാണ്. രാത്രിയിൽ അവക്കാഡോ ജ്യൂസ് കുടിച്ച ശേഷമാണ് കുട്ടികൾ ഉറങ്ങാൻ കിടന്നത്. എന്നാൽ കുട്ടികളെ ഉടൻ തന്നെ ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽജോയുടെ ജീവൻ രക്ഷിക്കാനായില്ല. പരിശോധനയിലാണ് കുട്ടികൾക്ക് പാമ്പുകടിയേറ്റതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്.

കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കിടക്കയിൽ തലയിണയുടെ അടിയിൽ നിന്നും പാമ്പിനെ കണ്ടെത്തിയത്. ഏറെ വിഷമുള്ള ശംഖുവരയൻ (വെള്ളിക്കെട്ടൻ) ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്. കുട്ടികൾ ഉറങ്ങുന്നതിനിടെ തലയിണയ്ക്കടിയിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്ന പാമ്പിനെ പിന്നീട് നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. സംഭവം പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Share Email
LATEST
Top