അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും യുഎസ് ഭരണകൂടത്തിനും കനത്ത മുന്നറിയിപ്പുമായി ചൈന രംഗത്തെത്തി. ഇറാന് തങ്ങൾ ആയുധങ്ങൾ നൽകുന്നില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയ ചൈന, ഇതിന്റെ പേരിൽ പുതിയ വ്യാപാര താരിഫുകൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടു. ചൈനീസ് കമ്പനികളെ ലക്ഷ്യം വെച്ചുള്ള ഏകപക്ഷീയമായ സാമ്പത്തിക നടപടികളുമായി മുന്നോട്ട് പോയാൽ ശക്തമായി തിരിച്ചടിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ അമേരിക്ക നാവിക ഉപരോധം ആരംഭിച്ചതിനെയും ചൈന കടുത്ത ഭാഷയിൽ വിമർശിച്ചു. ഇറാനുമായുള്ള ചൈനയുടെ ഉഭയകക്ഷി ബന്ധത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജുൻ മുന്നറിയിപ്പ് നൽകി. ഇറാനുമായി ചൈനയ്ക്ക് നിലവിലുള്ള വ്യാപാര, ഊർജ്ജ കരാറുകൾ തടസ്സപ്പെടുത്താൻ ശ്രമിക്കരുതെന്നും ഹോർമുസ് കടലിടുക്ക് ചൈനയ്ക്കായി തുറന്നിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയെ സംബന്ധിച്ച് ഏറ്റവും നിർണായകമായ പാതയാണ് ഹോർമുസ്. രാജ്യം ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 40 ശതമാനവും എൽഎൻജിയുടെ 30 ശതമാനവും ഈ വഴിയാണ് എത്തുന്നത്. അതിനാൽ തന്നെ മേഖലയിലെ അമേരിക്കൻ ഇടപെടലുകൾ തങ്ങളുടെ ഊർജ്ജ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ചൈനയ്ക്കുണ്ട്. ഇറാൻ – യുഎസ് തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമ്പോഴും, അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ബെയ്ജിംഗ്.













