ഇന്ത്യന്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്‍ നാവികസേന വെടിയുതിര്‍ത്തു: ഇന്ത്യ ഇറാൻ സ്ഥാനപതിയെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു

ഇന്ത്യന്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്‍  നാവികസേന വെടിയുതിര്‍ത്തു: ഇന്ത്യ ഇറാൻ സ്ഥാനപതിയെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുന്നുവെന്ന് സൂചന നല്‍കി ഇന്ത്യന്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം. ഇറാഖില്‍ നിന്നുള്ള ഏകദേശം രണ്ട് ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന ഇന്ത്യന്‍ ടാങ്കറിന് നേരെ ഇറാന്‍ നാവികസേന വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്.

ഹോര്‍മുസ് കടലിടുക്കിന് സമീപം ഒമാന് വടക്ക് ഭാഗത്ത് വെച്ചാണ് സംഭവം. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ തിരിച്ചുപോകാന്‍ നിര്‍ബന്ധിതരായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഈ സംഭവമുണ്ടായതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ജഗ് അര്‍ണവ് (Jag Arnav), സന്‍മര്‍ ഹെറാള്‍ഡ് (Sanmar Herald) എന്നീ രണ്ട് കപ്പലുകളാണ് ഈ സംഭവത്തില്‍ ഉള്‍പ്പെട്ടത്.

ഈ സംഭവത്തിൽ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി .  ശനിയാഴ്ച വൈകുന്നേരം വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഇറാൻ സ്ഥാനപതി മുഹമ്മദ് ഫതാലിയെ നേരിട്ട് വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇന്ത്യൻ വ്യാപാര കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തിൽ രാജ്യത്തിനുള്ള ആശങ്കയും പ്രതിഷേധവും വിദേശകാര്യ സെക്രട്ടറി ഇറാൻ സ്ഥാനപതിയെ അറിയിച്ചതായും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ കപ്പലുകളുടെയും നാവികരുടെയും സുരക്ഷയ്ക്ക് ഇന്ത്യ നൽകുന്ന പ്രാധാന്യം ഇറാൻ സ്ഥാനപതിയെ അറിയിച്ച വിദേശകാര്യ സെക്രട്ടറി  ഹോർമുസിൽ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇറാൻ മുൻപ് നൽകിയ സഹായങ്ങൾ എടുത്തുപറഞ്ഞു. വെടിവെപ്പ് ഉണ്ടായത് ഗുരുതരമായ ഒന്നാണെന്നും ഹോർമുസിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിത സഞ്ചാരം ഇറാൻ എത്രയും വേഗം ഉറപ്പാക്കണമെന്നും വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടു. ഇന്ത്യയുടെ നിലപാട് ഇറാനിലെ ഉന്നത അധികാരികളെ അറിയിക്കാമെന്ന് സ്ഥാനപതി ഉറപ്പുനൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

Share Email
LATEST excelnclexrn
Top