രാഷ്ട്രീയം പറയാൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു മോദി, വനിതാ സംവരണം പ്രതിപക്ഷത്തിനെതിരെയുള്ള ആയുധം

രാഷ്ട്രീയം പറയാൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു മോദി, വനിതാ സംവരണം  പ്രതിപക്ഷത്തിനെതിരെയുള്ള ആയുധം

വനിതാ സംവരണത്തെ തിരഞ്ഞെടുപ്പ് വിഷയമായി പ്രതിഷ്ഠിക്കുകയായിരുന്നു രാഷ്ട്രത്തോടുള്ള അഭിസംബോധനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. അടുത്ത ആഴ്ചത്തെ തമിഴ്നാട് , ബംഗാൾ തിരഞ്ഞെടുപ്പുകൾ, അടുത്ത ഫെബ്രുവരിയിലെ യുപി തിരഞ്ഞെടുപ്പ്, 2029ലെ ലോക്സഭ തിരഞ്ഞടുപ്പ് എന്നിവയായിരുന്നു ബിജെപി ലക്ഷ്യം എന്നു വ്യക്തം. ദൂരദർശനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോൾ എല്ലാ പ്രതിപക്ഷ പാർട്ടികളേയും കടന്നാക്രമിക്കുകയല്ലാതെ നിയമനിർമാണം മുന്നോട്ടു കൊണ്ടുപോകാൻ എന്തു ചെയ്യും എന്നതു സംബന്ധിച്ച് മോദി ഒന്നും പറഞ്ഞില്ല. വനിതാ സംവരണത്തെ പൂർണമായും പിന്തുണക്കുന്നെന്നും എന്നാൽ അതിനെ മണ്ഡല പുനർനിർണയവുമായി കൂട്ടിക്കെട്ടുന്നതിനെയാണ് തങ്ങൾ എതിർക്കുന്നത് എന്ന് പ്രതിപക്ഷം പലവട്ടം പല വേദികളിൽ പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ വനിതാ സംവരണ ബിൽ മാത്രമായികൊണ്ടുവരാൻ സാധിക്കുകയും ചെയ്യും. എന്നാൽ വനിതാ സംവരണത്തെ പ്രതിപക്ഷം എതിർക്കുകയാണെന്ന വ്യാഖ്യാനമാണ് ബിജെപി ഇപ്പോൾ രാജ്യവ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മണ്ഡല പുനർനിർണയം വഴി സംസ്ഥാനങ്ങൾക്ക് വലിയ നേട്ടങ്ങൾ കിട്ടുമായിരുന്നു എന്നും എന്നാൽ പ്രതിപക്ഷം അത് തടഞ്ഞിരിക്കുകയുമാണ് എന്നാണ് മോദി ആരോപിക്കുന്നത്. വനിതാ സംവരണം പരാജയപ്പെട്ടതിന് രാജ്യത്തെ എല്ലാ അമ്മപെങ്ങന്മാരോടും മോദി മാപ്പു ചോദിക്കുന്ന നാടകീയ കാഴ്ചയും ഇന്നലെ ടെലിവിഷനിൽ ദൃശ്യമായിരുന്നു. വികാര ഭരിതമായ ആ പ്രസംഗം അടിമുടി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നതായിരുന്നു.

മണ്ഡല പുനർനിർണയ – വനിതാ സംവരണ – ഭരണഘടനാ ഭേദഗതി ബിൽ വിജയിക്കണമെന്ന് ബിജെപി പോലും ആഗ്രഹിച്ചിരുന്നില്ല എന്നാണ് പിന്നാമ്പുറ സംസാരം. കാരണം എൻഡിഎ സഖ്യ കക്ഷികളോടു പോലും ഇവർ ഇക്കാര്യം കൂടി ആലോചിച്ചിട്ടില്ല എന്നാണ് പുറത്തു വന്ന വിവരം.

എല്ലാ സംസ്ഥാനങ്ങൾക്കും 50 ശതമാനം സീറ്റ് വർധന എന്ന നിർദേശം ബില്ലിൽ ഉൾപ്പെടുത്താൻ ശരിക്കും താൽപര്യമുണ്ടായിരുന്നു എങ്കിൽ അതിനുള്ള ഔദ്യോഗിക ഭേദഗതി ചർച്ചയുടെ രണ്ടാം ദിവസം രാവിലെയെങ്കിലും വിതരണം ചെയ്യുമായിരുന്നു. ഭേദഗതി നിർദേശം കൊണ്ടുവരാം എന്ന്, വോട്ടെടുപ്പിന് തൊട്ടു മുമ്പാണ് അമിത് ഷാ പറഞ്ഞത്.

സത്യത്തിൽ ഈ കഴിഞ്ഞതെല്ലാം നാടകങ്ങളായിരുന്നു എന്ന് രാഷ്ട്രീയം ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാകും. 23 നു നടക്കുന്ന ബംഗാൾ തിരഞ്ഞെടുപ്പാണ് മുഖ്യ വിഷയം. അവിടെ മമത തന്നെ വീണ്ടും അധികാരത്തിൽ എത്തിയേക്കുമെന്ന സൂചനയുണ്ട്. ബംഗാളിൽ മമത ജയിക്കണമെങ്കിൽ അവിടത്തെ ന്യൂനപക്ഷ – സ്ത്രീ വോട്ടുകൾ കിട്ടിയേ മതിയാകൂ.. എസ്ഐആർ വന്നതോടെ ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ മമതക്ക് പോകുന്ന സ്ഥിതിയാണ്. പിന്നെ ഭിന്നിപ്പിക്കാൻ സാധിക്കുക സ്ത്രീ വോട്ടുകളാണ്. അതിനുള്ള പണി ബിജെപി നേരത്തേ തന്നെ തുടങ്ങിയിരുന്നു. കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളജിൽ വച്ച് ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അമ്മയും സന്ദേശ്ഖാലി ഇരയും ബിജെപി സ്ഥാനാർഥികളാണ് ഇക്കുറി. മമതയുടെ തൃണമൂൽ കോൺഗ്രസ് സ്ത്രീകൾക്ക് എതിരാണ് എന്നാണ് മോദി ഇന്നലെ ആരോപിച്ചത്. അതിന് ഇന്ന് മമത മറുപടിയും പറഞ്ഞിട്ടുണ്ട്.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി കോണഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട് . കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ അനിൽ അക്കരയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. സിപിഎമ്മിനു വേണ്ടി ജനറൽ സെക്രട്ടറി എംഎ ബേബിയാണ് പരാതി നൽകിയത്.

തന്റെ ഔദ്യോഗിക പ്രസംഗം പ്രധാനമന്ത്രി രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തുവെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആരോപിച്ചിരുന്നു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ കോൺഗ്രസിനെ 59 തവണ പരാമർശിച്ചുവെന്നും എന്നാൽ, സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കാര്യമായി സംസാരിച്ചില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസം​ഗത്തെ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശും വിമർശിച്ചു. ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ആ പദവിയുടെ അന്തസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷപാതമില്ലാതെ രാജ്യത്തിന്റെ ദൃഢനിശ്ചയവും ആത്മവിശ്വാസവും ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. എന്നാൽ ഇന്നലത്തെ നിരാശാജനകവും പൂർണ്ണമായും പക്ഷപാതപരവുമായ പ്രസംഗം രാഷ്ട്രത്തോടുള്ള പ്രസംഗത്തേക്കാൾ “നിരാശ നിറഞ്ഞ പ്രസംഗം” എന്നു പറയുന്നതാകും ഉചിതം. പ്രധാനമന്ത്രി ലോക്‌സഭയിൽ ചെയ്യാൻ ശ്രമിച്ചത് നമ്മുടെ ജനാധിപത്യത്തെയും ഫെഡറൽ ഘടനയെയും ദുർബലപ്പെടുത്തുകയായിരുന്നുവെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.

Share Email
LATEST
More Articles
Top