മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക്സഭാ സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കവെ, എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്ന് അദ്ദേഹം ലോക്സഭയിൽ ഉറപ്പ് നൽകി. ഇതോടെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആകെ എംപിമാരുടെ എണ്ണം 129-ൽ നിന്ന് 195 ആയി ഉയരും. മണ്ഡല പുനർനിർണയത്തിനായി യുപിഎ സർക്കാർ പാസാക്കിയ ചട്ടങ്ങളാണ് ഇപ്പോഴും പിന്തുടരുന്നതെന്നും രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പുതിയ കണക്കുകൾ പ്രകാരം കേരളത്തിലെ ലോക്സഭാ സീറ്റുകൾ 20-ൽ നിന്ന് 30 ആയി വർദ്ധിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. തമിഴ്‌നാട്ടിൽ സീറ്റുകളുടെ എണ്ണം 39-ൽ നിന്ന് 59 ആയും കർണാടകയിൽ 28-ൽ നിന്ന് 42 ആയും ഉയരും. ദക്ഷിണേന്ത്യയുടെ ആകെ പ്രാതിനിധ്യ അനുപാതം നിലവിലെ 23.76 ശതമാനത്തിൽ നിന്ന് 23.87 ശതമാനമായി ഉയരുമെന്നും സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഒട്ടും കുറയില്ലെന്നും അദ്ദേഹം കണക്കുകൾ നിരത്തി വിശദീകരിച്ചു. രാജ്യത്ത് ഉടൻ തന്നെ ജാതി സെൻസസ് നടപ്പിലാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ഉടൻ സഭയിൽ സമർപ്പിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.













