നാന്‍ടക്കറ്റ്( മസാച്യുസെറ്റ്‌സ്): പറന്നുയര്‍ന്ന വിമാനത്തിന്റെ വാതില്‍ തുറന്നതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു. യുംഎസിലെ മസാച്യുസെറ്റ്‌സ് സംസ്ഥാനത്തിലെ നാന്‍ടക്കറ്റ് ദ്വീപില്‍ നിന്ന് പുറപ്പെട്ട കേപ്പ് എയര്‍ വിമാനമാണ് പറന്നുയര്‍ന്നതിന് പിന്നാലെ പ്രധാന കാബിന്‍ വാതിലിന്റെ ഒരു ഭാഗം തുറന്നതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയത്. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി.
വിമാനത്തിലുള്ള യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.തിങ്കളാഴ്ച നാന്‍ടക്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ കാബിന്‍ വാതിലിന്റെ മുകളിലെ ഭാഗം തുറന്നതായി എയര്‍ലൈന്‍ അറിയിച്ചു. തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി വിമാനം മാറ്റിയതായും നിലവിലെ സുരക്ഷാ നടപടികള്‍ പാലിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.
മസാച്യുസെറ്റ്‌സ് സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തുനിന്ന് ഏകദേശം 30 മൈല്‍ (48 കിലോമീറ്റര്‍) അകലെയുള്ള നാന്‍ടക്കറ്റ് ദ്വീപ്, പ്രധാനമായും വിമാനവും ഫെറിയും വഴി എത്തിച്ചേരാവുന്ന ഒരു വേനല്‍ക്കാല വിനോദസഞ്ചാര കേന്ദ്രമാണ്. ഇവിടെ നിന്നും പറന്നുയര്‍ന്ന വിമാനത്തിലാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്.
Plane door opens in mid-air: Plane makes emergency landing












