5770 മെഗാവാട്ട്, സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപയോഗം, പ്രതിസന്ധി രൂക്ഷം; പുറത്തുനിന്ന് വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

5770 മെഗാവാട്ട്, സംസ്ഥാനത്ത്  റെക്കോർഡ് വൈദ്യുതി ഉപയോഗം, പ്രതിസന്ധി രൂക്ഷം; പുറത്തുനിന്ന് വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി
Share Email

സംസ്ഥാനത്ത് കടുത്ത ചൂടിനെത്തുടർന്ന് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയർന്നതോടെ പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകി. അടിയന്തര സാഹചര്യത്തിൽ പരമാവധി 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്. യൂണിറ്റിന് പത്തു രൂപയിൽ താഴെയായിരിക്കണം നിരക്കെന്നും മെയ് 15 വരെയാണ് ഈ അനുമതിയെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് 30 ശതമാനത്തിലേക്ക് താഴ്ന്നത് വൈദ്യുതി ഉത്പാദനത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വൈകുന്നേരങ്ങളിലെ ഉയർന്ന ഉപഭോഗം (Peak Time) നേരിടാൻ നിലവിൽ പലയിടങ്ങളിലും 15 മുതൽ 20 മിനിറ്റ് വരെ അപ്രഖ്യാപിത പവർക്കട്ട് ഏർപ്പെടുത്തുന്നുണ്ട്. ഇന്നലെ പീക്ക് സമയത്ത് വൈദ്യുതി ആവശ്യം 5770 മെഗാവാട്ടായി ഉയർന്നു. ദേശീയ തലത്തിൽ വൈദ്യുതി വാങ്ങുന്നതിന് നിയന്ത്രണങ്ങളുള്ളതിനാൽ വരും ദിവസങ്ങളിലും പ്രതിസന്ധി തുടരുകയാണെങ്കിൽ അര മണിക്കൂർ വരെ പ്രഖ്യാപിത ലോഡ്ഷെഡിംഗിലേക്ക് സംസ്ഥാനം നീങ്ങേണ്ടി വരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. മുന്നറിയിപ്പില്ലാത്ത പവർക്കട്ടിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാണ്.

അധിക വില നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിലൂടെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് വൈദ്യുതി മന്ത്രിയുടെ വിശദീകരണം. എന്നാൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ഭാവിയിൽ കറന്റ് ബിൽ വർദ്ധിക്കുന്നതിന് കാരണമാകുമോ എന്ന ആശങ്ക ഉപഭോക്താക്കൾക്കിടയിലുണ്ട്. വരും ദിവസങ്ങളിൽ വേനൽ മഴ ലഭിച്ചാൽ മാത്രമേ ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കുന്ന കേരളത്തിന് ഈ കടുത്ത പ്രതിസന്ധിയിൽ നിന്ന് പൂർണ്ണമായി മോചനം നേടാനാകൂ.

Share Email
LATEST excelnclexrn
Top