ന്യൂയോർക്ക്: അമേരിക്കയിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതിനിടെ ഭക്ഷണച്ചെലവ് കുറയ്ക്കാൻ ഡിസ്കൗണ്ട് ആപ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. പെൻസിൽവാനിയയിലെ അലൻടൗണിൽ നിന്നുള്ള വിരമിച്ച ദമ്പതികളായ ഡഗ് സ്റ്റിന്നറും സൂസൻ സ്റ്റിന്നറും ഇത്തരം ആപ്പുകളിലൂടെ പണം ലാഭിച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ‘മാ ആൻഡ് പാ സ്റ്റിന്നർ’ എന്ന പേരിൽ ടിക് ടോക്കിൽ അറിയപ്പെടുന്ന ഇവർ, ‘ടൂ ഗുഡ് ടു ഗോ’ ആപ്പിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഭക്ഷണപ്പൊതികൾ വാങ്ങി അവയുടെ ഗുണനിലവാരം വിലയിരുത്താറുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഈ ആപ്പ് ഉപയോഗിച്ച് 2,000 ഡോളറിലധികം ലാഭിക്കാനായെന്നും പലചരക്ക് സാധനങ്ങൾ വാങ്ങാനുള്ള യാത്രകൾ 80 മുതൽ 90 ശതമാനം വരെ കുറയ്ക്കാൻ കഴിഞ്ഞെന്നും ഡഗ് സ്റ്റിന്നർ ഒരു വിഡിയോയിൽ പറയുന്നു. റെസ്റ്റോറന്റുകളിലും പലചരക്ക് കടകളിലും മിച്ചം വരുന്നവയോ പാഴായിപ്പോകാൻ സാധ്യതയുള്ളവയോ ആയ ഭക്ഷ്യവസ്തുക്കളാണ് ഇത്തരം ആപ്പുകൾ വഴി കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത്. ആപ്പിലൂടെ ലാഭിച്ച പണം ഉപയോഗിച്ചാണ് ഡിസ്നി വേൾഡിലേക്കുള്ള വിനോദയാത്രയ്ക്കുള്ള തുക കണ്ടെത്തിയതെന്നും ദമ്പതികൾ വ്യക്തമാക്കി.
അസോസിയേറ്റഡ് പ്രസ് വിശകലനം ചെയ്ത ഫെഡറൽ കണക്കുകൾ പ്രകാരം, 2019 ജനുവരി മുതൽ 2026 ജൂൺ വരെ പലചരക്ക് സാധനങ്ങളുടെ വിലയിൽ ഏകദേശം 33 ശതമാനം വർധനയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ ‘ടൂ ഗുഡ് ടു ഗോ’, ‘ഒലിയോ’, ‘ഫ്ലാഷ്ഫുഡ്’ തുടങ്ങിയ ആപ്പുകളുടെ ഉപയോഗം കഴിഞ്ഞ ഒരു വർഷത്തിനിടെ 30 ശതമാനം വർധിച്ചു. കുടുംബങ്ങളുടെ ബജറ്റ് താളംതെറ്റുന്ന സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഭക്ഷണം കണ്ടെത്താൻ ഇത്തരം സംവിധാനങ്ങൾ സഹായിക്കുന്നുണ്ടെന്ന് ‘ടൂ ഗുഡ് ടു ഗോ’ നോർത്ത് അമേരിക്ക വൈസ് പ്രസിഡന്റ് ക്രിസ് മക്കോളെ പറഞ്ഞു.
പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റത്തിന് പുറമെ ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം ഊർജവിലയിലുണ്ടായ കുതിപ്പും ഭവനവായ്പകളുടെ ഉയർന്ന പലിശനിരക്കും അമേരിക്കൻ കുടുംബങ്ങളുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നതിനായി ഭക്ഷണച്ചെലവ് കുറയ്ക്കേണ്ടിവന്നതായി അഞ്ചിൽ ഒരാൾ (20 ശതമാനം) വെളിപ്പെടുത്തിയെന്ന് കഴിഞ്ഞ മാസം ‘കൺസ്യൂമർ റിപ്പോർട്ട്സ്’ പുറത്തുവിട്ട സർവേ വ്യക്തമാക്കുന്നു. പണപ്പെരുപ്പം സാധാരണക്കാരുടെ സാമ്പത്തിക ആത്മവിശ്വാസം ഗണ്യമായി കുറച്ചതായും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
















