മിനിയാപൊളിസിൽ യാത്രക്കാരന്‍റെ ക്രൂരമർദ്ദനം, സൊമാലി-അമേരിക്കൻ ഊബർ ഡ്രൈവർ മരിച്ചു; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും

മിനിയാപൊളിസിൽ യാത്രക്കാരന്‍റെ ക്രൂരമർദ്ദനം, സൊമാലി-അമേരിക്കൻ ഊബർ ഡ്രൈവർ മരിച്ചു; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും

മിനിയാപൊളിസ്: യാത്രക്കാരന്റെ ക്രൂരമായ ആക്രമണത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സൊമാലി-അമേരിക്കൻ ഊബർ ഡ്രൈവർ മുഹമ്മദ് യൂസഫ് ശനിയാഴ്ച മരിച്ചു. പ്രാദേശിക ഉദ്യോഗസ്ഥരും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസിന്റെ (കെയർ) മിനസോട്ട ഘടകവുമാണ് മരണവിവരം സ്ഥിരീകരിച്ചത്. നവംബർ 14ന് പുലർച്ചെ നോർത്ത് ഈസ്റ്റ് മിനിയാപൊളിസിലെ ഒരു ബാറിന് സമീപത്തുനിന്ന് യാത്രക്കാരനെ വാഹനത്തിൽ കയറ്റിയതിന് പിന്നാലെയായിരുന്നു ആക്രമണം. സംഭവസമയത്ത് യൂസഫ് സഹോദരനുമായി ഫോണിൽ സംസാരിക്കുകയായിരുന്നു.

ആക്രമണത്തിൽ വാരിയെല്ലുകൾക്കും കാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ യൂസഫ് അബോധാവസ്ഥയിലായിരുന്നു. ശ്വാസകോശം തകരുകയും കടുത്ത ആന്തരിക രക്തസ്രാവത്തെത്തുടർന്ന് നിരവധി അവയവങ്ങൾ നീക്കം ചെയ്യേണ്ടിവരികയും ചെയ്തു. കേസിലെ പ്രതിയായ 25കാരൻ സമിത് അപൂർവ പട്ടേലിനെതിരെ നേരത്തെ വധശ്രമത്തിനും കാർ തട്ടിയെടുക്കലിനുമാണ് കേസെടുത്തിരുന്നത്. യൂസഫിന്റെ മരണത്തോടെ പ്രതിക്കെതിരായ പരാതി ഭേദഗതി ചെയ്ത് മനഃപൂർവമുള്ള കൊലപാതകക്കുറ്റം ചുമത്തുമെന്ന് ഹെന്നെപിൻ കൗണ്ടി അറ്റോർണി ഓഫീസ് ശനിയാഴ്ച അറിയിച്ചു.

സംഭവത്തിൽ വിദ്വേഷ കുറ്റകൃത്യത്തിനും കേസെടുക്കണമെന്ന് കെയർ-മിനസോട്ട ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിന് ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടർമാർ ഈ വകുപ്പ് ഒഴിവാക്കുകയായിരുന്നു.
നവംബർ 14ന് പുലർച്ചെ 12.47ന് പട്ടേലിനെ വാഹനത്തിൽ കയറ്റിയ ശേഷം യൂസഫിന്റെ പേര് പ്രതി ചോദിച്ചതായി സഹോദരൻ മൊഴി നൽകിയിട്ടുണ്ട്. ‘മുഹമ്മദ്’ എന്ന് മറുപടി നൽകിയപ്പോൾ, “എനിക്ക് ആ പേര് ഇഷ്ടമല്ല” എന്ന് പറഞ്ഞ് പ്രതി അസഭ്യം പറഞ്ഞത് ഫോണിലൂടെ കേട്ടതായും സഹോദരൻ മൊഴിയിൽ പറയുന്നു.

യാത്രയ്ക്കിടെ പ്രതി ബെൽറ്റ് ഉപയോഗിച്ച് ശ്വാസംമുട്ടിക്കുകയാണെന്നും കൊല്ലാൻ ശ്രമിക്കുകയാണെന്നും യൂസഫ് സൊമാലി ഭാഷയിൽ നിലവിളിക്കുന്നത് സഹോദരൻ ഫോണിലൂടെ കേട്ടു. മിനിറ്റുകൾ നീണ്ട പിടിവലിക്ക് ശേഷം ഫോൺ നിശബ്ദമായെന്നും പിന്നീട് പ്രതി തന്റെ ശരീരത്തിലൂടെ കാർ ഓടിച്ചുകയറ്റുകയാണെന്ന് യൂസഫ് അലറിവിളിച്ചെന്നും പരാതിയിൽ പറയുന്നു.

തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ യൂസഫിനെ ഒരു ഓടയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ എസ്‌യുവി പ്രതിയായ പട്ടേലിന്റെ വീടിന് പുറത്ത് പാർക്ക് ചെയ്ത നിലയിലുമായിരുന്നു. എട്ടുലക്ഷം ഡോളറിന്റെ ജാമ്യത്തുക കെട്ടിവെച്ചതിനെത്തുടർന്ന് പ്രതി നിലവിൽ ഉപാധികളോടെ ജയിലിന് പുറത്താണ്. യൂസഫിന്റെ കുടുംബം തിങ്കളാഴ്ച വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top