വാഷിംഗ്ടണ്‍: ഇറാനുമായുളള സംഘര്‍ഷത്തിനിടെ 2000 കോടി രൂപ വിലയുളള എംക്യു-4 സി ഡ്രോണ്‍ തകര്‍ന്നുവീണതായി സ്ഥിരീകരിച്ച് അമേരിക്കന്‍ നാവിക സേന. ഈ ഡ്രോണ്‍ പേര്‍ഷ്യന്‍ ഗള്‍ഫിലാണ് തകര്‍ന്നു വീണത്. ഈ ഡ്രോണിന് രണ്ട് ലോക്ഹീഡ് മാര്‍ട്ടിന്‍ എഫ്-35 യുദ്ധവിമാനങ്ങളേക്കാള്‍ വിലയുണ്ട്. ഈ മാസം ഏഴിന് ഹോര്‍മുസ് കടലിടുക്കിന് സമീപം നിരീക്ഷണ പറക്കല്‍ നടത്തുന്നതിനിടെ ഡ്രോണ്‍ കാണാതാവുകായയിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്ച്ച പുറപ്പെടുവിച്ച അറിയിപ്പ് അനുസരിച്ച് ഡ്രോണ്‍ തകര്‍ന്നുവീണതായി യുഎസ് നേവി കമാന്‍ഡ് വ്യക്തമാക്കി. ‘ക്ലാസ് എ’ വിഭാഗ അപകടമായാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഇതിനെ കാണുന്നത്.
ഏപ്രില്‍ 9-ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാനിയന്‍ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണിനെ വെടിവെച്ചിട്ടതാണെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഡ്രോണ്‍ തകര്‍ന്നു വീഴുകയായിരുന്നു എന്നാണ് യുഎസ് നേവി ഇപ്പോള്‍ ഔദ്യോഗി കമായി അറിയിച്ചിരിക്കുന്നത്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ നേവി പുറത്തുവിട്ടിട്ടില്ല. എംക്യു-4സി ട്രൈറ്റണ്‍ ലോകത്തിലെ തന്നെ ഏറ്റവും അത്യാധുനികമായ നിരീക്ഷണ ഡ്രോണുകളില്‍ ഒന്നാണ്,
സമുദ്രമേഖലയിലെ നീക്കങ്ങള്‍ നിരീക്ഷിക്കാനും യുദ്ധക്കപ്പലുകളുടെയും മറ്റും സ്ഥാനങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും ഇത് സഹായിക്കുന്നു. 7,400 നോട്ടിക്കല്‍ മൈല്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുണ്ട്.. 50,000 അടിക്ക് മുകളില്‍ ഉയരത്തില്‍ 24 മണിക്കൂറിലധികം പറക്കാന്‍ സാധിക്കും.360 ഡിഗ്രി നിരീക്ഷണ ശേഷിയുള്ള സെന്‍സറുകള്‍ വഴി തത്സമയ വിവരങ്ങള്‍ കൈമാറാന്‍ ഇതിന് കഴിയും.
ഇറാന്‍ യുദ്ധം തുടങ്ങിയ ഏപ്രില്‍ 1 മുതല്‍ ഇതുവരെ 24 എംക്യു-9 റീപ്പര്‍ ഡ്രോണുകള്‍ അമേരിക്കയ്ക്ക് നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഏകദേശം 720 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഡ്രോണുകള്‍ തകര്‍ന്നതിലൂടെ മാത്രം യുഎസിന് ഉണ്ടായിരിക്കുന്നത്. ഒരു എംക്യു-9 റീപ്പര്‍ ഡ്രോണിന് മാത്രം 30 ദശലക്ഷം ഡോളറിലധികം വില വരും.
US Navy confirms downing of Rs 2,000 crore MQ-4C drone in conflict with Iran













