സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുന്നതിനുമായി കേന്ദ്ര സർക്കാരിന്റെ വൻ നീക്കം. 1.09 ലക്ഷം കോടി രൂപയുടെ അധിക നികുതി വിഹിതം (Tax Devolution) സംസ്ഥാനങ്ങൾക്ക് മുൻകൂർ ഗഡുവായി കേന്ദ്രം അനുവദിച്ചു. വികസന പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മൂലധന ചെലവുകൾക്കും കൂടുതൽ സാമ്പത്തിക പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഈ തുക കൈമാറിയതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. സാധാരണ പ്രതിമാസ നികുതി വിഹിതത്തിന് പുറമേയുള്ള അധിക ഗഡുവാണിത്.
ഉത്തർപ്രദേശിന് ഏറ്റവും വലിയ വിഹിതം; കേരളത്തിന് 1,956 കോടി
അനുവദിച്ച അധിക നികുതി വിഹിതത്തിൽ ഏറ്റവും വലിയ പങ്ക് ലഭിച്ചത് ഉത്തർപ്രദേശിനാണ് — 18,227 കോടി രൂപ. ബിഹാറിന് 10,219 കോടിയും മധ്യപ്രദേശിന് 7,976 കോടിയും പശ്ചിമ ബംഗാളിന് 7,644 കോടിയും മഹാരാഷ്ട്രയ്ക്ക് 6,418 കോടി രൂപയുമാണ് ലഭിച്ചത്. പട്ടികയിൽ കേരളത്തിന് 1,956 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിലെ വിഹിതം
രാജസ്ഥാനിന് 6,460 കോടി, ഒഡീഷയ്ക്ക് 4,819 കോടി, ആന്ധ്രാപ്രദേശിന് 4,597 കോടി, കർണാടകയ്ക്ക് 4,504 കോടി, തമിഴ്നാടിന് 4,466 കോടി എന്നിങ്ങനെയാണ് മറ്റ് പ്രധാന സംസ്ഥാനങ്ങൾക്ക് ലഭിച്ച തുക. സംസ്ഥാനങ്ങളിലെ ക്ഷേമ പ്രവർത്തനങ്ങൾക്കും മൂലധന നിക്ഷേപങ്ങൾക്കും ഈ ഫണ്ട് വലിയ തോതിൽ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

















