വാഷിങ്ടൺ: ഇറാൻ അമേരിക്ക സംഘർഷം അവസാനിപ്പിക്കുന്നതിനായി സമാധാന ചർച്ച നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം ചർച്ചയ്ക്ക് രണ്ട് ഉപാധികൾ മുന്നോട്ടുവച്ചു.
ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുനൽകണമെന്നും , ചർച്ചകളിൽ പങ്കെടുക്കുന്ന ഇറാനിയൻ പ്രതിനിധി സംഘത്തിന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) പിന്തുണയും തീരുമാനങ്ങൾ എടുക്കാനുള്ള അധികാരവും ഉറപ്പാക്കുക എന്നീ നിബന്ധനകളാണ് യുഎസ് മുന്നോട്ടുവെക്കുന്ന പ്രധാന വിഷയങ്ങൾ.
നിലവിലെ ഇറാനിലെ രാഷ്ട്രീയ നേതൃത്വവും സൈനിക വിഭാഗവും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ കരാറിലെത്തുന്നതിന് തടസമായും എന്ന ആശങ്കയാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഇറാനുമായുള്ള പുതിയ ഘട്ട ചർച്ചകൾ രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. ‘ശരിയായ, അനുയോജ്യരായ ആളുകൾ’ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടിട്ടുവെന്നും ഒരു കരാർ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ പുതിയ ചർച്ചകൾ തുടങ്ങുന്നതിന് മുമ്പ്, ഹോർമുസ് കടലിടുക്ക് പൂർണമായും നിയന്ത്രണങ്ങളില്ലാതെ തുറന്നു കൊടുക്ക ണമെന്ന് വാഷിങ്ടൺ ആവശ്യപ്പെട്ടതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേൽ ഹായോം റിപ്പോർട്ട് ചെയ്തു. മറ്റ് രാജ്യങ്ങളുടെ കപ്പലുകളുടെയും ടാങ്കറുകളുടെയും സഞ്ചാരം ഇനിയും ഇറാൻ തടയുകയാണെങ്കിൽ, ഇറാനിയൻ കപ്പലുകളെയും ആ വഴിയിലൂടെ കടന്നുപോകാൻ അനുവദിക്കില്ല എന്ന നിലപാടാണ് യുഎസ് മുന്നോട്ടുവെക്കുന്നത്.
US ready for talks with Iran: But with two conditions












