പാക്ക് സൈനീക ട്രെയിനിനു നേരെ ആക്രമണം: 82 സൈനീകരെ വധിച്ചെന്നു ബിഎല്‍എ

പാക്ക് സൈനീക ട്രെയിനിനു നേരെ ആക്രമണം: 82 സൈനീകരെ വധിച്ചെന്നു ബിഎല്‍എ

ഇസ്‌ളാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ സൈനീക ട്രെയിനിനു നേരെ നടന്ന ആക്രമണത്തില്‍ 82 സൈനീകര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത വിഘടനവാദി സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. ആക്രമണത്തില്‍ പാക് സൈന്യത്തിലെ 82 സൈനികര്‍ കൊല്ലപ്പെട്ടതായും 121 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും സംഘടന അവകാശപ്പെട്ടു.

ബിഎല്‍എയുടെ കീഴിലുള്ള മജീദ് ബ്രിഗേഡ് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് തിങ്കളാഴ്ച ഉണ്ടായ ഈ വന്‍ ആക്രമണത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ക്വറ്റ കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന്റെ പ്രാന്ത പ്രദേശത്തുള്ള ചമന്‍ ഫട്ടാക്കിന് സമീപം സൈനികര്‍ക്കായി സര്‍വീസ് നടത്തുന്ന പ്രത്യേക ഷട്ടില്‍ ട്രെയിനായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ബിഎല്‍എ വ്യക്തമാക്കി. തങ്ങളുടെ ഫിദായീന്‍ യൂണിറ്റും ഒപ്പം ‘സിറാബ്’ എന്ന രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായിട്ടാണ് ഈ ഓപ്പറേഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും സംഘടന അവകാശപ്പെടുന്നു.

സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തവരില്‍ പാകിസ്ഥാന്‍ ആര്‍മിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, നോണ്‍-കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍, സാധാരണ സൈനികര്‍, പുതുതായി സേനയിലേക്ക് തിരഞ്ഞെടുത്ത റിക്രൂട്ടുകള്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ 8 മണിയോടെയാണ് ആത്മഹത്യാ ബോംബര്‍ സൈനിക ട്രെയിനില്‍ സ്‌ഫോടനം നടത്തിയതെന്നും ബിഎല്‍എ അവകാശപ്പെട്ടു. എന്നാല്‍ ആക്രമണത്തില്‍ മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ കൃത്യമായ കണക്കുകളെക്കുറിച്ചോ ബിഎല്‍എ ഉന്നയിച്ച അവകാശവാദങ്ങളെക്കുറിച്ചോ പാകിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Attack on Pak army train: 82 soldiers killed, BLA says

Share Email
Top