അട്ടപ്പാടി മധു ആൾക്കൂട്ടക്കൊലക്കേസിൽ ഒന്നാം പ്രതിയായ ഹുസൈനെ വെറുതെവിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ മധുവിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിക്കുന്നു. കേസിൽ വിചാരണക്കോടതി പ്രതികൾക്ക് വിധിച്ച ഏഴ് വർഷത്തെ തടവ് ശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജീവപര്യന്തമായി ഉയർത്തിയപ്പോൾ, ഒന്നാം പ്രതിയായിരുന്ന ഹുസൈനെ മാത്രം പൂർണ്ണമായി വെറുതെ വിടുകയായിരുന്നു. ഈ നടപടിയോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചത്.
കേസിലെ മറ്റ് 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി ഉയർത്തിയ ഹൈക്കോടതി വിധിയിൽ ഏറെ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ കുടുംബം, എന്നാൽ ഒന്നാം പ്രതിയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. വിചാരണക്കോടതി ഏഴ് വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച ഹുസൈന്റെ അപ്പീൽ അനുവദിച്ചാണ് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഹുസൈന് അനുകൂലമായ വിധി വന്ന സാഹചര്യത്തിൽ നീതി പൂർണ്ണമാകാൻ പരമോന്നത കോടതിയെ സമീപിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.
2018 ഫെബ്രുവരി 22-നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിലെ മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആദിവാസി യുവാവായ മധുവിനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. വിചാരണ ഘട്ടത്തിൽ നിരവിധി സാക്ഷികൾ കൂറുമാറിയത് ഉൾപ്പെടെ വലിയ പ്രതിസന്ധികൾ നേരിട്ട കേസിൽ, നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ നിർണ്ണായക വിധി വന്നിരിക്കുന്നത്. ഒന്നാം പ്രതിക്കെതിരെ അപ്പീൽ പോകുന്നതിനൊപ്പം മകന്റെ നീതിക്കായി പോരാടിയ അമ്മയ്ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.















