നവകേരള സദസ്സ് മർദനക്കേസ്: നിർണായക വിവരങ്ങൾ അടങ്ങിയ ആദ്യ കേസ് ഡയറി പുറത്ത്; തിരുത്തലുകൾ വരുത്തിയത് എഡിജിപിയുടെ ഓഫീസിലെന്ന് മൊഴി

നവകേരള സദസ്സ് മർദനക്കേസ്: നിർണായക വിവരങ്ങൾ അടങ്ങിയ ആദ്യ കേസ് ഡയറി പുറത്ത്; തിരുത്തലുകൾ വരുത്തിയത് എഡിജിപിയുടെ ഓഫീസിലെന്ന് മൊഴി

നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്-കെഎസ് യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനും സുരക്ഷാ ജീവനക്കാരും മർദിച്ച സംഭവത്തിൽ തിരുത്തലുകൾ വരുത്തുന്നതിന് മുൻപുള്ള ആദ്യ കേസ് ഡയറിയുടെ പകർപ്പ് പുറത്തുവന്നു. ലോക്കൽ പോലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാൻ അനിൽ കല്ലിയൂർ ഉൾപ്പെടെയുള്ളവർ വാഹനത്തിൽ നിന്നിറങ്ങി ലാത്തിപോലുള്ള ആയുധങ്ങൾ ഉപയോഗിച്ച് മർദിച്ചുവെന്ന് ഈ ഡയറിയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് വിശേഷിപ്പിച്ചതുപോലെ ഇത് ‘രക്ഷാപ്രവർത്തനം’ ആയിരുന്നില്ലെന്നും മർദനം തന്നെയായിരുന്നുവെന്നും അടിവരയിടുന്നതാണ് ആലപ്പുഴ സൗത്ത് ഇൻസ്പെക്ടർ എസ്. അരുൺ ആദ്യം തയ്യാറാക്കിയ ഈ കേസ് ഡയറി.

എന്നാൽ ഈ നിർണായക വിവരങ്ങളെല്ലാം തിരുത്തി പ്രതികളെ കുറ്റവിമുക്തരാക്കിയാണ് പിന്നീട് കോടതിയിൽ റിപ്പോർട്ട് നൽകിയതെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി. ആദ്യ കേസ് ഡയറി പെൻഡ്രൈവിലാക്കി അന്നത്തെ എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഓഫീസിൽ എത്തിച്ചിരുന്നുവെന്നാണ് ആദ്യ അന്വേഷണ സംഘം എസ്‌ഐടിക്ക് നൽകിയ മൊഴി. ഇതോടെ കേസ് ഡയറി തിരുത്തിയെന്ന അതീവ ഗുരുതരമായ കുറ്റകൃത്യത്തിന്റെ അന്വേഷണം എഡിജിപിക്ക് നേരെയാണ് വിരൽ ചൂണ്ടുന്നത്. തിരുത്തുന്നതിന് മുൻപുള്ള ഡയറിയും പിന്നീട് മാറ്റിയെഴുതിയ ഡയറിയും എസ്‌ഐടി നിലവിൽ കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് എസ്‌ഐടി ഉടൻ തന്നെ സമർപ്പിക്കും. മർദനം അഴിച്ചുവിട്ട ഗൺമാൻ ഉൾപ്പെടെയുള്ള സുരക്ഷാ ജീവനക്കാർക്കെതിരെയുള്ള ആദ്യ റിപ്പോർട്ട് നാളെ ഡിജിപിക്ക് കൈമാറുമെന്നാണ് സൂചന. ഇതിന് പുറമെ ഔദ്യോഗിക രേഖയായ കേസ് ഡയറി തിരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച രണ്ടാമത്തെ ഒത്തുകളിയിൽ എഡിജിപി ഉൾപ്പെടെയുള്ളവർക്കെതിരെ ഡിജിപിയും സർക്കാരും ശക്തമായ തുടർനടപടികൾ സ്വീകരിക്കും.

Share Email
LATEST excelnclexrn
More Articles
Top