ലൈഫ് മിഷൻ പിരിച്ചുവിടാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി; ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം

ലൈഫ് മിഷൻ പിരിച്ചുവിടാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി; ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം

ലൈഫ് മിഷൻ ഉൾപ്പെടെയുള്ള വികസന മിഷനുകൾ പിരിച്ചുവിടാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് അഞ്ച് ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ യാഥാർത്ഥ്യമാക്കിയ മാതൃകാ പദ്ധതിയാണിത്. നിലവിൽ ഒരു ലക്ഷത്തിലധികം വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. കൂടാതെ മുൻഗണനാ പട്ടികയിലുള്ള ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവുമായ ഈ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.

ലൈഫ് പദ്ധതിയെ അട്ടിമറിക്കാൻ മുൻപ് കേന്ദ്ര സർക്കാരും ബിജെപിയും നിരന്തരം ശ്രമിച്ചിരുന്നുവെന്നും അതിന്റെ തുടർച്ചയായാണ് ഇപ്പോൾ യുഡിഎഫ് പദ്ധതി തന്നെ ഇല്ലാതാക്കാൻ നോക്കുന്നതെന്നും സിപിഐ (എം) ആരോപിച്ചു. കേന്ദ്രത്തിന്റെ ബ്രാൻഡിംഗ് നിർദ്ദേശങ്ങളെപ്പോലും തള്ളിയാണ് കേരളം ഈ അഭിമാന നേട്ടം കൈവരിച്ചത്. ഗ്രാമസഭകളും തദ്ദേശ സ്ഥാപനങ്ങളും ചർച്ച ചെയ്ത് കൃത്യമായ മാനദണ്ഡങ്ങളോടെ തയ്യാറാക്കിയ മുൻഗണനാ പട്ടിക അനുസരിച്ചാണ് നിലവിൽ ഭവനനിർമ്മാണം പുരോഗമിക്കുന്നത്. രാജ്യത്ത് ഭവന പദ്ധതികൾക്കായി ഏറ്റവും ഉയർന്ന തുക (പട്ടികവർഗക്കാർക്ക് 6 ലക്ഷവും ജനറൽ വിഭാഗത്തിന് 4 ലക്ഷവും) നൽകുന്ന ഏക സംസ്ഥാനം കേരളമാണെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

ലൈഫ് മിഷനൊപ്പം ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആർദ്രം തുടങ്ങിയ മറ്റ് പ്രധാന മിഷനുകളും പിരിച്ചുവിടാനുള്ള പ്രഖ്യാപനം യുഡിഎഫിന്റെ കപട രാഷ്ട്രീയത്തിന്റെ തെളിവാണെന്ന് പ്രസ്താവനയിൽ പറയുന്നു. കേരളം ഇതുവരെ കൈവരിച്ച സാമൂഹ്യ മുന്നേറ്റങ്ങളെയും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങളെയും തകിടം മറിക്കാനുള്ള ഈ നാശോന്മുഖമായ ശ്രമങ്ങൾക്കെതിരെ നാടൊട്ടാകെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

Share Email
LATEST excelnclexrn
More Articles
Top