കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചതിൽ സിപിഎം പോളിറ്റ് ബ്യൂറോയിലും ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദ്ദേശത്തിന് പിന്നാലെ ചേർന്ന ഓൺലൈൻ പിബി യോഗത്തിൽ അഞ്ചിലധികം അംഗങ്ങൾ പിണറായിയുടെ ലാവണമാറ്റത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിൽ പിണറായി വിജയൻ വീണ്ടും നേതൃസ്ഥാനത്തേക്ക് വരുന്നത് ഉചിതമല്ലെന്നും പാർട്ടിയിൽ പുതിയ നേതൃത്വം ഉയർന്നുവരണമെന്നുമാണ് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിയെന്ന പദവി കണക്കിലെടുത്ത് മാത്രമാണ് പ്രായപരിധിയിൽ ഇളവ് നൽകി പിണറായിയെ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തിയതെന്നും, പരാജയപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തെ വീണ്ടും മറ്റൊരു അധികാര സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് സംഘടനാപരമായി തെറ്റായ സന്ദേശം നൽകുമെന്നും യോഗത്തിൽ വാദമുയർന്നു. അശോക് ധാവ്ലെ, വിജു കൃഷ്ണൻ അടക്കമുള്ള നേതാക്കളാണ് പിണറായിക്കെതിരെ നിലപാട് സ്വീകരിച്ചതെന്നാണ് സൂചന. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇതാദ്യമായാണ് പിബിയിൽ പിണറായി വിജയനെതിരെ ഇത്രയും ശക്തമായ എതിർപ്പ് ഉയരുന്നത്.
എന്നാൽ സംസ്ഥാന ഘടകം ഏകകണ്ഠമായി എടുത്ത തീരുമാനത്തെ തള്ളേണ്ടതില്ലെന്ന ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഒടുവിൽ പിണറായിയുടെ നിയമനത്തിന് പിബി അനുമതി നൽകിയത്. സംസ്ഥാന സമിതിയിലും ഭൂരിഭാഗം പേരും പിണറായിയെ പിന്തുണച്ചിരുന്നു. തൽക്കാലം കേരള ഘടകത്തെ തിരുത്തേണ്ടതില്ലെന്ന നിലപാടിലേക്ക് എതിർത്തവർ മാറിയതോടെയാണ് പ്രതിസന്ധി ഒഴിഞ്ഞത്. എങ്കിലും തിരഞ്ഞെടുപ്പ് കാലം മുതൽക്കേ പിണറായിയുടെ നേതൃത്വത്തെക്കുറിച്ച് പിബിയിൽ ഉയർന്ന ചോദ്യങ്ങൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.















