യുഡിഎഫ് സർക്കാരിന്റേത് വ്യക്തമായ നയമില്ലാത്ത നയപ്രഖ്യാപനമെന്ന് സിപിഎം; ‘ജനക്ഷേമ പദ്ധതികളിൽ തൊട്ടാൽ ശക്തമായ പ്രതിഷേധം ഉയർത്തും’

യുഡിഎഫ് സർക്കാരിന്റേത് വ്യക്തമായ നയമില്ലാത്ത നയപ്രഖ്യാപനമെന്ന് സിപിഎം; ‘ജനക്ഷേമ പദ്ധതികളിൽ തൊട്ടാൽ ശക്തമായ പ്രതിഷേധം ഉയർത്തും’
Share Email

സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനം വ്യക്തമായ നയവും നിലപാടും ഇല്ലാത്ത യുഡിഎഫ് സർക്കാരിന്റെ പ്രതിഫലനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചു. ബിജെപിയെയോ കേന്ദ്ര സർക്കാരിനെയോ വാക്കുകൊണ്ട് പോലും വിമർശിക്കാത്ത നയമാണ് ഇതിലുള്ളത്. സാമ്പത്തിക ഫെഡറലിസത്തെ തകർക്കുകയും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന കേന്ദ്ര നീക്കങ്ങളോട് സഹകരിച്ചു മുന്നോട്ട് പോകാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം 5,429 കോടി രൂപ ട്രഷറിയിൽ ബാക്കിവെച്ചാണ് എൽഡിഎഫ് ഭരണം അവസാനിപ്പിച്ചതെന്നും കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കള്ളപ്രചരണം മാത്രമാണ് നയപ്രഖ്യാപനത്തിൽ ഉള്ളതെന്നും സിപിഎം കുറ്റപ്പെടുത്തി.

ഗൾഫ് മേഖലയിലെ സംഘർഷം കേരളത്തിന്റെ സമ്പദ്‌ഘടനയെ ബാധിക്കുന്ന കാര്യമായിട്ടും അതിനെ അഭിമുഖീകരിക്കാൻ നയപ്രഖ്യാപനത്തിൽ തയ്യാറായിട്ടില്ല. ചില പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അവ നടപ്പിലാക്കുന്നതിനുള്ള കൃത്യമായ നിർദ്ദേശങ്ങൾ ഇതിലില്ല. നാടിന്റെ അഭിമാനമായ പ്രധാന പദ്ധതികളെ മുന്നോട്ട് കൊണ്ടുപോകുന്നത് സംബന്ധിച്ചും ഇതിൽ വ്യക്തതയില്ല. തൊഴിലുറപ്പ്, കുടുംബശ്രീ, കിഫ്ബി തുടങ്ങിയ പ്രധാന മേഖലകളെക്കുറിച്ച് പരാമർശം പോലും ഒഴിവാക്കിയത് വിസ്മയകരമാണെന്നും സിപിഎം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ സംസ്ഥാന സർക്കാരിന് താല്പര്യമില്ലെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്. നാടിന് ഗുണപരമായി മാറിയിട്ടുള്ള പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം. നാടിന്റെയും ജനങ്ങളുടെയും താല്പര്യത്തിന് എതിരെയുള്ള നടപടികളുമായി മുന്നോട്ട് പോയാൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top