യുഎസ് പ്രതിരോധ ബജറ്റ് ചർച്ചക്കിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാനസിക നിലയെച്ചൊല്ലി സഭയിൽ വാക്കേറ്റം. ട്രംപിന് രാജ്യത്തെ നയിക്കാനുള്ള മാനസിക സ്ഥിരതയുണ്ടോ എന്ന് ഡെമോക്രാറ്റ് പ്രതിനിധി സാറ ജേക്കബ്സ് ചോദിച്ചതാണ് നാടകീയ രംഗങ്ങൾക്ക് കാരണമായത്. ഇറാന് നേരെയുള്ള ആണവ ഭീഷണിയും ട്രംപിന്റെ വിചിത്രമായ സോഷ്യൽ മീഡിയ പോസ്റ്റുകളും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
ചോദ്യത്തോട് രൂക്ഷമായാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രതികരിച്ചത്. മുൻ പ്രസിഡന്റ് ജോ ബൈഡനെക്കുറിച്ച് ഇത്തരം ചോദ്യങ്ങൾ എന്തുകൊണ്ട് ഉയർന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ട്രംപ് തലമുറ കണ്ട ഏറ്റവും മികച്ച ബുദ്ധിമാനായ സൈന്യാധിപനാണെന്നും സൈനികരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന കമാൻഡർ ഇൻ ചീഫാണെന്നും ഹെഗ്‌സെത്ത് പ്രതിരോധിച്ചു.
ഇറാൻ യുദ്ധം 60 ദിവസം പിന്നിടുകയും 13 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പ്രസിഡന്റിന്റെ അവിവേകപരമായ പെരുമാറ്റം ആശങ്കാജനകമാണെന്ന് സാറ ജേക്കബ്സ് വാദിച്ചു. സ്വന്തം പാർട്ടിയിലെ ചില നേതാക്കളിൽ നിന്ന് പോലും ട്രംപിന്റെ സമീപകാല എഐ ചിത്രങ്ങൾക്കെതിരെ വിമർശനം ഉയർന്നത് അവർ ചൂണ്ടിക്കാട്ടി. ആഗോള ഊർജ്ജ പ്രതിസന്ധിയും യുദ്ധസാഹചര്യവും നിലനിൽക്കെ ഭരണത്തലവന്റെ പെരുമാറ്റം ഗൗരവമായി കാണണമെന്നും അവർ ആവശ്യപ്പെട്ടു.













