വാഷിംഗ്ടണ്‍: പ്രശസ്ത ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സിനെതിരേ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച ശേഷം വാഹനമോടിച്ചതിനു കേസ്. കേസ് മേയ് നാലിന് കോടതി പരിഗണിക്കും. മാര്‍ച്ചിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയത്. കേസ് ചുമത്തിയതായി വെന്‍ചുറ കൗണ്ടി ജില്ലാ അറ്റോര്‍ണി അറിയിച്ചു. ബ്രിട്ട്‌നിക്കെതിരേ ഇത്തരത്തിലുള്ള ആദ്യ കുറ്റമായതിനാല്‍ പ്രൊബേഷന്‍ ശിക്ഷ നല്‍കാനുള്ള സാധ്യതയാണുളളതെന്നു ജില്ലാ അറ്റോര്‍ണി പറഞ്ഞു.
മേയ് നാലിനു കേസ് പരിഗണിക്കുമ്പോള്‍ ബ്രിട്ട്‌നി നേരിട്ട് ഹാജരാകേണ്ട.
മാര്‍ച്ച് നാലിന് കാലിഫോര്‍ണിയയില്‍ മദ്യലഹരിയില്‍ വാഹനമോടിച്ചുവെന്ന സംശയത്തിലാണ്് സ്പിയേഴ്‌സിനെ അറസ്റ്റ് ചെയ്തത്. ബിഎംഡബ്ല്യു കാര്‍ അമിതവേഗത്തില്‍ ഓടിച്ചത് കണ്ടെത്തിയാണ് ഇവരെ പിടിച്ചത്. വാഹനത്തില്‍ സ്പിയേഴ്സ് മാത്രമാണ് ഉണ്ടായിരുന്നത്. വാഹനപരിശോധനയില്‍ ഇവര്‍ ലഹരിയിലാണെന്ന ലക്ഷണങ്ങള്‍ കണ്ടതായും ഫീല്‍ഡ് സോബ്രൈറ്റി ടെസ്റ്റുകള്‍ നടത്തിയതായും പൊലീസ് അറിയിച്ചു.
പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിതയായ ശേഷം ഇവര്‍ ചികിത്സാ കേന്ദ്രത്തില്‍ അഭയം തേടിയിരുന്നു. മാര്‍ച്ച് നാലിന് ഉണ്ടായ സംഭവത്തെക്കുറിച്ച് സ്പിയേഴസിന്റെ പ്രതിനിധി ”ദുരഭാഗ്യകരവും പൂര്‍ണമായും ന്യായീകരിക്കാനാവാത്ത സംഭവമാണെന്നു പ്രതികരിച്ചു. ബ്രിട്ട്‌നി നിയമം പാലിച്ച് ശരിയായ നടപടികള്‍ സ്വീകരിക്കുമെന്നും അവരുടെ ജീവിതത്തില്‍ ഏറെ വൈകിയെങ്കിലും ആവശ്യമായ മാറ്റങ്ങള്‍ക്ക് ഇത് തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ കഠിനസമയത്ത് അവര്‍ക്കാവശ്യമായ സഹായവും പിന്തുണയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്പിയേഴസിന്റെ പ്രതിനിധി പ്രസ്താവനയില്‍ പറഞ്ഞു.
Famous singer Britney Spears charged with drunk driving: Court to hear case on May 4















