മാത്യുക്കുട്ടി ഈശോ
ന്യൂജേഴ്സി: യാക്കോബായ സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന കുടുംബ സംഗമം ന്യൂജേഴ്സിയില്‍ ജൂലൈ 22 മുതല്‍ 25 വരെ നടക്കും. നോര്‍ത്ത് അമേരിക്കന്‍ മലങ്കര ആര്‍ച്ച് ഡയോസിസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ 37-ാമത് കുടുംബ സംഗമവും യുവജന സംഗമവും ജൂലൈ 22 മുതല്‍ 25 വരെ ന്യൂജേഴ്സി ഓള്‍ഡ് ടാപ്പനില്‍ പ്രവര്‍ത്തിക്കുന്ന ഭദ്രാസന ആസ്ഥാനത്ത് നടത്തപ്പെടുന്നു. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പുതിയ തീരുമാനങ്ങളും ഭാവി പ്രൊജക്ടുകളും ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ എല്‍ദോ മോര്‍ തീത്തോസ് തിരുമേനി കഴിഞ്ഞ ദിവസം ഭദ്രാസന ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലൂടെ വിശദീകരിച്ചു.
സഭയുടെ ആരാധനാ ക്രമത്തെ ആസ്പദമാക്കിയുള്ള വിഷയങ്ങളാണ് കുടുംബ സംഗമത്തിന് തീം ആയി എടുക്കുന്നത്. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഭദ്രാസന ആസ്ഥാനത്ത് ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് ആര്‍ച്ച് ബിഷപ്പ് മോര്‍ തീത്തോസ് തിരുമേനി കാര്യങ്ങള്‍ വിശദീകരിച്ചത്.
സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് അഞ്ഞൂറോളം പേര്‍ക്ക് സമ്മേളനങ്ങള്‍ ഒരേസമയം നടത്തുവാന്‍ സൗകര്യമുള്ള ഭദ്രാസന ആസ്ഥാനത്ത് വച്ച് കുടുംബ സംഗമം ക്രമീകരിക്കുന്നത്. ഒരു വലിയ ചാപ്പല്‍, ഒരു ചെറിയ ചാപ്പല്‍, ഒരു വലിയ ഓഡിറ്റോറിയം, അഞ്ചു മിനിഹാളുകള്‍, ഡൈനിങ്ങ് ഹാള്‍, അടുക്കള, നൂറിലധികം കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള പാര്‍ക്കിംഗ് ലോട്ട് മുതലായ വിപുലമായ സൗകര്യങ്ങളുള്ള കെട്ടിട സമുച്ചയമാണ് ഭദ്രാസന ആസ്ഥാനത്ത് ഉള്ളത്. യുവജന പങ്കാളിത്തം ഉറപ്പാക്കല്‍, വൈദിക പരിശീലനത്തിനായി ഓണ്‍ലൈന്‍ സെമിനാരി സംവിധാനം, വിപുലമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വികസന കാഴ്ചപ്പാടുകളാണ് ഭദ്രാസനം മുന്നോട്ട് വെയ്ക്കുന്നത്.
സഭയുടെ ഭാവി യുവജനങ്ങളിലാണെന്ന തിരിച്ചറിവോടെ വിപുലമായ പ്രോഗ്രാമുകളാണ് കുടുംബ സംഗമത്തില്‍ വിഭാവനം ചെയ്യുന്നത്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന യുവ വൈദികരാണ് ഇപ്പോള്‍ യുവജന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിലവില്‍ 14 യുവ വൈദികരായ ഇടവക വികാരിമാരും മുപ്പതോളം യുവ ശെമ്മാശ്ശന്മാരും ഭദ്രാസനത്തിന് കീഴില്‍ സജീവമാണ്. ഇവിടെ ജനിച്ചു വളര്‍ന്ന ഇവര്‍ക്ക് ഇംഗ്ലീഷിനൊപ്പം മലയാള ഭാഷയിലും നല്ല പ്രാവീണ്യമുണ്ട്.
കോണ്‍ഫറന്‍സുകളിലൂടെയും പ്രാദേശിക കൂട്ടായ്മകളിലൂടെയും യുവതലമുറയെ സഭയോട് ചേര്‍ത്തുനിര്‍ത്താന്‍ സാധിക്കുന്നുണ്ട്. യുവജനങ്ങള്‍ക്ക് സഭയുമായുള്ള ബന്ധം കൂടുതല്‍ ഉറപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള വിവിധ പരിപാടികളാണ് കുടുംബ സംഗമത്തില്‍ വിഭാവന ചെയ്യുന്നത്. അതിന് നേതൃത്വം നല്‍കുന്നതിനായി പ്രഗത്ഭരായ വൈദികരും വ്യക്തികളും കുടുംബ സംഗമത്തില്‍ പങ്കെടുക്കും. സഭയുടെ പരമോന്നത അദ്ധ്യക്ഷനായ നിയുക്ത കത്തോലിക്കാ ബാവാ ഏറ്റവും അഭിവന്ദ്യ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് മെത്രാപ്പോലീത്തായും കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നതാണ്.
സഭയുടെ വളര്‍ച്ച ലക്ഷ്യമിട്ട് ആരംഭിച്ച ഓണ്‍ലൈന്‍ സെമിനാരി മികച്ച വിജയമാണ് കൈവരിക്കുന്നത്. നിലവില്‍ കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഈ രണ്ട് വര്‍ഷത്തെ കോഴ്സില്‍ ഓണ്‍ലൈനായി പഠിക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ഇത് വിപുലീകരിച്ച് ഓണ്‍-ക്യാമ്പസ് പഠന സൗകര്യമൊരുക്കാനും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ വന്ന് പഠിക്കാനുള്ള അവസരമൊരുക്കാനും പദ്ധതിയുണ്ട്. ദൈവശാസ്ത്രത്തില്‍ പ്രഗത്ഭരും പ്രശസ്തരുമായ ഫാക്കല്‍ട്ടി അംഗങ്ങളാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മെയ് 16 ശനിയാഴ്ച്ച ഭദ്രാസന ആസ്ഥാനത്ത് ഭദ്രാസനത്തിലെ എല്ലാ പള്ളികളുടെയും സഹകരണത്തോടെ വലിയൊരു ഫുഡ് ഫെസ്റ്റിവല്‍ ക്രമീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു ആര്‍ച്ച് ബിഷപ്പും കൗണ്‍സില്‍ അംഗങ്ങളും. ഭദ്രാസനത്തിന്റെ കീഴില്‍ നടത്തുന്ന ഫുഡ് ഫെസ്റ്റിവലുകള്‍ വലിയ ജനപങ്കാളിത്തത്തോടെയാണ് വിജയിക്കുന്നത്. ഇത്തവണ ഓണ്‍ലൈന്‍ പ്രീ-ഓര്‍ഡര്‍ സംവിധാനത്തിലൂടെ വിപുലമായ തദ്ദേശീയ മെനുവാണ് ഒരുക്കിയിരിക്കുന്നത്. നാടന്‍ പൊറോട്ട, ബീഫ്, അങ്കമാലി മാങ്ങാക്കറി, കപ്പ ബിരിയാണി തുടങ്ങി പന്ത്രണ്ടോളം ബൂത്തുകളിലായി ലൈവ് കുക്കിംഗ് അടക്കമുള്ള വിഭവങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതീക്ഷിക്കുന്ന 40,000 മുതല്‍ 50,000 വരെ ഡോളറിന്റെ വരുമാനം പൂര്‍ണ്ണമായും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്.
നാട്ടിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഭദ്രാസനം നടത്തിവരുന്നത്. മെത്രാപ്പോലീത്തയുടെ 15-ാമത് സ്ഥാനാരോഹണ വാര്‍ഷികത്തില്‍ നാട്ടില്‍ പാവപ്പെട്ടവര്‍ക്കായി 15 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു. കൂടാതെ പ്രളയബാധിതര്‍ക്കും സിറിയയിലെ ആഭ്യന്തര കലാപബാധിതര്‍ക്കും വലിയ സാമ്പത്തിക സഹായം എത്തിച്ചിട്ടുണ്ട്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സമാഹരിച്ച ഇരുപത്തഞ്ചു ലക്ഷത്തോളം രൂപ, ഗവണ്‍മെന്റ് തലത്തിലുള്ള സാങ്കേതിക തടസ്സങ്ങള്‍ മൂലം നേരിട്ട് നല്‍കാന്‍ സാധിച്ചില്ല. അതിനാല്‍ അവിടുത്തെ പ്രാദേശിക പള്ളികളുടെ സഹായത്തോടെ മറ്റ് ഹൗസിംഗ് പ്രൊജക്ടുകള്‍ക്കായി കൈമാറാന്‍ കഴിഞ്ഞ ഡെലിഗേറ്റ്‌സ് മീറ്റിംഗില്‍ തീരുമാനിച്ചു. ഇതിനു പുറമെ പ്രൊബേഷന്‍ സംവിധാനത്തിലൂടെ 22 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനും (12 എണ്ണം പുതിയതും 10 എണ്ണം നവീകരണവും) ഭദ്രാസനം ലക്ഷ്യമിടുന്നു. ലോക്കല്‍ കമ്മ്യൂണിറ്റിയുടെ ഭാഗമായി സാന്‍ഡ്വിച്ച് ചലഞ്ച് പോലുള്ള പരിപാടികളിലൂടെ അമേരിക്കയിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. കാനഡ ഉള്‍പ്പെടെ അഞ്ച് റീജിയനുകളായാണ് ഭദ്രാസനത്തിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ടെക്‌സാസിലെ ഡാളസ്, ഹൂസ്റ്റണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സഭയ്ക്ക് ശക്തമായ സാന്നിധ്യമുണ്ട്.
ഭദ്രാസന സെക്രട്ടറി റവ. ഫാദര്‍ പോള്‍ തോട്ടയ്ക്കാട്ട്, ജോയിന്റ് സെക്രട്ടറി റവ. ഫാദര്‍ ബ്ലെസ്സന്‍ കുര്യാക്കോസ്, ഭദ്രാസന ട്രഷറര്‍ സിമി ജോസഫ്, ജോയിന്റ് ട്രഷറര്‍ ബോബി കുര്യാക്കോസ്, ഭദ്രാസന മുന്‍ സെക്രട്ടറി റവ. ഫാദര്‍ ജെറി, കൗണ്‍സില്‍ അംഗങ്ങളായ കോര്‍ എപ്പിസ്‌കോപ്പ വെരി റവ. ഫാദര്‍ ജോസഫ് സി. ജോസഫ്, റവ. ഫാദര്‍ കുര്യാക്കോസ് പുതുപ്പാടി, അലക്‌സ് ജോര്‍ജ്, ഷെവലിയാര്‍ ജയ്‌മോന്‍ സ്‌കറിയ, റോയി മാത്യു, സാബു സ്‌കറിയ, ജോയി ഇട്ടന്‍ എന്നിവരും ഇന്ത്യ പ്രസ് ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് സജി എബ്രഹാം, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, അംഗങ്ങളായ ഈ-മലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ് ജോസഫ്, കൈരളി ഡയറക്ടര്‍ ജോസ് കാടാപുറം, 24 ന്യൂസ് കോര്‍ഡിനേറ്റര്‍ ബിനു തോമസ്, ഇന്ത്യ പ്രസ് ക്ലബ്ബ് മുന്‍ നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ് എന്നിവരും പത്ര സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
Jacobite Church North American Diocesan Family Reunion from July 22nd to 25th in New Jersey















