ന്യൂഡൽഹി: നീറ്റ് (NEET-UG 2026) പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കടുത്ത ഭാഷയിൽ കത്തയച്ച് അഡ്വ. ഹാരിസ് ബീരാൻ എം.പി. രാജ്യത്തെ 22.7 ലക്ഷം വിദ്യാർത്ഥികളുടെ ആയുഷ്‌കാല സ്വപ്നങ്ങളാണ് ഇതോടെ അപകടത്തിലായിരിക്കുന്നതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്ന സാഹചര്യം രാജ്യത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നതെന്നും കേന്ദ്ര സർക്കാരിന്റെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. രാജസ്ഥാനിൽ പരീക്ഷാ പേപ്പർ ചോർന്നുവെന്നത് കേവലം ഒരു സാങ്കേതിക പിഴവ് എന്നതിനപ്പുറം പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിന്റെ തുടർച്ചയാണെന്നും, ഇത്തരത്തിൽ ഇടയ്ക്കിടെ പരീക്ഷകൾ റദ്ദാക്കേണ്ടി വരുന്നത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കഴിവുകേടാണ് വെളിപ്പെടുത്തുന്നത് എന്നും ഹാരിസ് ബീരാൻ എം പി സൂചിപ്പിച്ചു. NTA-യുടെ വിശ്വാസ്യത പാടെ തകർന്നിരിക്കുകയാണെന്നും അതിനാൽ തന്നെ സി.ബി.ഐ അന്വേഷണം കൊണ്ടുമാത്രം വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാനാവില്ലന്നും ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥരെ ഉടൻ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പരീക്ഷകൾ തുടർച്ചയായി അട്ടിമറിക്കപ്പെടുന്നത് ദരിദ്രരും സാധാരണക്കാരുമായ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനം അസാധ്യമാക്കും. പുനഃപരീക്ഷ നടത്തുമ്പോൾ വിദ്യാർത്ഥികൾക്ക് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടാകരുത്. പരീക്ഷാ മാഫിയയുമായി ചേർന്ന് കുട്ടികളുടെ ഭാവി തകർക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്നും പുതിയ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നതിലും തീയതി പ്രഖ്യാപിക്കുന്നതിലും അനാവശ്യ കാലതാമസം ഒഴിവാക്കണമെന്നും വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.
നീറ്റ് പരീക്ഷാ റദ്ദാക്കൽ : 22 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് അഡ്വ. ഹാരിസ് ബീരാൻ എം.പി.
May 12, 2026 4:52 pm














