സതീശൻ മന്ത്രിസഭ: കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനമില്ല; ഒരു മന്ത്രിയും ചീഫ് വിപ്പും മാത്രം

സതീശൻ മന്ത്രിസഭ: കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനമില്ല; ഒരു മന്ത്രിയും ചീഫ് വിപ്പും മാത്രം

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ വകുപ്പ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ കേരള കോൺഗ്രസിന് (ജോസഫ്) തിരിച്ചടി. പാർട്ടി ആവശ്യപ്പെട്ടിരുന്ന രണ്ട് മന്ത്രിസ്ഥാനങ്ങൾ നൽകാൻ യുഡിഎഫ് നേതൃത്വം തയ്യാറായില്ല. പകരം ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും മാത്രമായിരിക്കും പാർട്ടിക്ക് ലഭിക്കുക. കേരള കോൺഗ്രസ് പ്രതിനിധിയായി മോൻസ് ജോസഫ് മന്ത്രിസഭയിലെത്തും. ജലവിഭവ വകുപ്പോ കൃഷി വകുപ്പോ അദ്ദേഹത്തിന് ലഭിക്കാനാണ് സാധ്യത. എന്നാൽ മറ്റ് പദവികളൊന്നും മന്ത്രിസ്ഥാനത്തിന് പകരമാകില്ലെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു. അതേസമയം ഘടകകക്ഷികളായ അനൂപ് ജേക്കബും മാണി സി. കാപ്പനും ടേം വ്യവസ്ഥയിൽ മന്ത്രിമാരാകുമെന്ന് ഉറപ്പായിട്ടുണ്ട്.

യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നതിൽ ഇന്ന് തന്നെ അന്തിമ തീരുമാനമുണ്ടാകും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിക്കുകയും പട്ടിക ഗവർണർക്ക് കൈമാറുകയും ചെയ്യും. പുതിയ മന്ത്രിസഭയിൽ കോൺഗ്രസിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര-വിജിലൻസ് മന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. ചെന്നിത്തല ആഭ്യന്തരം ഏറ്റെടുക്കുന്നതോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ധനവകുപ്പും ഒപ്പം തുറമുഖ വകുപ്പും കൈകാര്യം ചെയ്യാനാണ് സാധ്യത. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യൂ മന്ത്രിയായേക്കും.

മറ്റ് പ്രമുഖ കോൺഗ്രസ് നേതാക്കളിൽ കെ. മുരളീധരന് ആരോഗ്യ വകുപ്പും, എ.പി. അനിൽകുമാറിന് ടൂറിസവും എക്സൈസും നൽകാനാണ് ആലോചന. പി.സി. വിഷ്ണുനാഥിന് ഉന്നതവിദ്യാഭ്യാസമോ വൈദ്യുതിയോ ലഭിച്ചേക്കാം. ബിന്ദു കൃഷ്ണയാണ് മന്ത്രിസഭയിലെ വനിതാ പ്രതിനിധി; അവർക്ക് സാമൂഹ്യനീതി വകുപ്പ് നൽകാനാണ് സാധ്യത. ഘടകകക്ഷികളിൽ സി.എം.പിയുടെ സി.പി. ജോണിന് സഹകരണ വകുപ്പും മുസ്ലിം ലീഗിന് 2011-ലെ സുപ്രധാന വകുപ്പുകളും ലഭിച്ചേക്കും. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെ ഇന്ന് വൈകുന്നേരത്തോടെ വിപുലമായ മന്ത്രിപ്പട്ടിക ഔദ്യോഗികമായി പുറത്തുവിടും.

Share Email
LATEST excelnclexrn
More Articles
Top