ഇസ്ലാമാബാദ്: യുഎസ്-ഇറാൻ യുദ്ധം കടുക്കുന്നതിനിടെ മധ്യേഷ്യയിൽ പുതിയ സൈനിക സമവാക്യങ്ങൾ രൂപപ്പെടുത്തി പാകിസ്താൻ. സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി പ്രതിരോധ കരാറിന്റെ (Strategic Mutual Defence Agreement) ഭാഗമായി പാകിസ്താൻ 8,000 സൈനികരെയും യുദ്ധവിമാനങ്ങളും അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളും സൗദിയിലേക്ക് അയച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുദ്ധത്തിൽ ഇറാനുമായി സൗദി നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നാൽ റിയാദിന് പൂർണ്ണ സൈനിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
ചൈനയുമായി ചേർന്ന് പാകിസ്താൻ സംയുക്തമായി വികസിപ്പിച്ച 16 ‘JF-17’ യുദ്ധവിമാനങ്ങൾ അടങ്ങുന്ന ഒരു സ്ക്വാഡ്രൻ, രണ്ട് ഡ്രോൺ സ്ക്വാഡ്രനുകൾ, ചൈനീസ് നിർമ്മിത ‘HQ-9’ ഉപരിതല-വ്യോമ മിസൈൽ പ്രതിരോധ സംവിധാനം എന്നിവയാണ് സൗദിയിൽ വിന്യസിച്ചിരിക്കുന്നത്. പാകിസ്താൻ സൈനികർ തന്നെയാണ് ഈ അത്യാധുനിക യുദ്ധോപകരണങ്ങൾ സൗദി മണ്ണിൽ പ്രവർത്തിപ്പിക്കുന്നത്. ഈ സൈനിക വിന്യാസത്തിന്റെ മുഴുവൻ സാമ്പത്തിക ചെലവുകളും സൗദി അറേബ്യയാണ് വഹിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ സൗദിക്ക് നേരെ ആക്രമണമുണ്ടായാൽ തിരിച്ചുപരിക്കാൻ ശേഷിയുള്ളതാണ് നിലവിൽ വിന്യസിച്ചിരിക്കുന്ന പാക് സൈനിക വ്യൂഹം.
അതേസമയം, യുഎസ്-ഇറാൻ യുദ്ധത്തിൽ പ്രധാന മധ്യസ്ഥന്റെ റോളിൽ നിൽക്കുന്ന പാകിസ്താന്റെ ഈ സൈനിക നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ഏപ്രിൽ ആദ്യവാരം ഇരുവിഭാഗങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നിൽ പാക് സൈനിക മേധാവി ജനറൽ ആസിം മുനീറിന്റെ മധ്യസ്ഥശ്രമങ്ങൾ നിർണ്ണായകമായിരുന്നു. എന്നാൽ ഇറാൻ വിഷയത്തിൽ തങ്ങൾ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുമ്പോഴും, തങ്ങളുടെ തന്ത്രപ്രധാന സഖ്യകക്ഷിയായ സൗദി അറേബ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായാൽ ഒപ്പം നിൽക്കുമെന്ന ശക്തമായ സന്ദേശമാണ് ഈ സൈനിക വിന്യാസത്തിലൂടെ പാകിസ്താൻ നൽകുന്നത്.













