ഇന്ത്യയ്ക്ക് നേരെ ഭീഷണിയുമായി പാക്ക് സൈനീക മേധാവി

ഇന്ത്യയ്ക്ക് നേരെ ഭീഷണിയുമായി പാക്ക് സൈനീക മേധാവി

ഇസ്‌ളാമാബാദ്: ഇന്ത്യയ്ക്ക് നേരെ ഭീഷണിയുമായി പാക്ക് സൈനീക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നീക്കത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വീണ്ടും പ്രകോപനപരമായ ഭീഷണിയുമായി പാകിസ്ഥാന്‍ സൈനിക മേധാവി രംഗത്തു വന്നത്. പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെ എന്തെങ്കിലും തരത്തിലുള്ള നീക്കങ്ങള്‍ ഭാവിയില്‍ ഉണ്ടായാല്‍ അതിന്റെ പ്രത്യാഘാതം അത്യന്തം അപകടകരവും ദൂരവ്യാപകവും ശത്രുവിന് വേദനയേറിയതുമായിരിക്കുമെന്ന് അദ്ദേഹം ഞായറാഴ്ച മുന്നറിയിപ്പ് നല്‍കി

റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുനീര്‍. നമ്മുടെ ശത്രുക്കള്‍ അറിഞ്ഞിരിക്കേണ്ട ഒന്നുണ്ട്, പാകിസ്ഥാനെതിരെ ഭാവിയില്‍ എന്തെങ്കിലും സാഹസത്തിന് മുതിര്‍ന്നാല്‍ ആ യുദ്ധത്തിന്റെ ആഘാതം പരിമിതമായിരിക്കില്ല. മറിച്ച് അത് അതിശക്തവും അപകടകരവും ശത്രുവിന് കടുത്ത വേദന നല്‍കുന്നതുമായിരിക്കും,’ അസിം മുനീര്‍ പറഞ്ഞു. ഈ ദിവസം പാകിസ്ഥാനിലെ ജനങ്ങള്‍ക്കും സായുധ സേനയ്ക്കും അഭിമാനകരമായ ദിവസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മെയ് 6-7, മെയ് 10 രാത്രികളില്‍ പാകിസ്ഥാന്റെ പരമാധികാരവും പ്രദേശവും ലംഘിച്ച് ശത്രു നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടുവെന്നാണ് മുനീറിന്റെ അവകാശവാദം. ദേശീയ ഐക്യത്തോടും സൈനിക ശക്തിയോടും കൂടി അതിന് മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ പാകിസ്ഥാന്‍ സൈന്യത്തിന് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നുവെങ്കിലും ഇത് രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരുന്നുവെന്നും അതില്‍ സത്യം വിജയിച്ചുവെന്നുമാണ് മുനീര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്.

Pakistan Army Chief Threatens India

Share Email
Top