പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് കൂട്ട പരോള്‍: കല്യോട്ട് മേഖലയില്‍ സുരക്ഷ കര്‍ശനമാക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് കൂട്ട പരോള്‍: കല്യോട്ട് മേഖലയില്‍ സുരക്ഷ കര്‍ശനമാക്കി

കല്യോട്ട്(കാസര്‍കോട്): പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനേയും ശരത്‌ലാലിനേയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കൂട്ടപ്പരോള്‍ അനുവദിച്ചതിനു പിന്നാലെ കല്യോട്ട്‌മേഖലയില്‍ സുരക്ഷ കര്‍ശനമാക്കി.ഇടതു സര്‍ക്കാരിന്റെ അവസാനകാലത്താണ് കൂട്ടപ്പരോള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇന്നലെയാണ് ഇവരില്‍ പലരും ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.

ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചതില്‍ പരാതിയുമായി കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കാണാന്‍ തീരുമാനിച്ചു. പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റണമെന്നും കൊലപാതക ഗൂഢാലോചനയില്‍ പങ്കാളികളായവരെയടക്കം നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തുടരന്വേഷണം വേണമെന്നും ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ ആവശ്യപ്പെട്ടു.

പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അഞ്ച് പ്രതികള്‍ ഇന്നലെ പുറത്തിറങ്ങി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉള്ള 10 പ്രതികള്‍ക്കും പരോള്‍ അനുവദിച്ചു. ഒന്നാംപ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവര്‍ വീടുകളിലെത്തി. രണ്ടാം പ്രതി സജി, മൂന്നാം പ്രതി സുരേഷ്, ആറാം പ്രതി ശ്രീരാഗ്, എട്ടാം പ്രതി സുഭീഷ്, പത്താം പ്രതി രഞ്ജിത്ത് എന്നിവര്‍ അടുത്ത ദിവസങ്ങളില്‍ ജയിലില്‍ നിന്ന് ഇറങ്ങും. 20 ദിവസത്തേക്കാണ് പരോള്‍.
മുന്‍പ് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നെങ്കില്‍ ഇത്തവണ പരോള്‍ വ്യവസ്ഥയില്‍ അതില്ല. പ്രതികള്‍ നാട്ടിലെത്തിയാല്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് അവഗണിച്ചാണ് ജയില്‍ ഉപദേശക സമിതി പ്രതികള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത് എന്നാണ് ആക്ഷേപം. പുതിയ സര്‍ക്കാര്‍ അധികാരത്തലെത്തിയതിനു പിന്നാലെ കല്യോട്ട് മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Periya double murder case accused granted mass parole: Security tightened in Kalyot area

Share Email
Top