പിണറായി പ്രതിപക്ഷ നേതാവാകുമോ? ഉത്തരം ചിരിയിലൊതുക്കി സിപിഎം ജനറൽ സെക്രട്ടറി, തോൽവിയിൽ പിബിയുടെ സംരക്ഷണം, ‘ഉത്തരവാദിത്വം ഒറ്റയ്ക്കല്ല’

പിണറായി പ്രതിപക്ഷ നേതാവാകുമോ? ഉത്തരം ചിരിയിലൊതുക്കി സിപിഎം ജനറൽ സെക്രട്ടറി, തോൽവിയിൽ പിബിയുടെ സംരക്ഷണം, ‘ഉത്തരവാദിത്വം ഒറ്റയ്ക്കല്ല’

കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പിണറായി വിജയന് പൂർണ്ണ പിന്തുണയുമായി സിപിഎം പൊളിറ്റ് ബ്യൂറോ. തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്വം പിണറായി വിജയൻ മാത്രം ഏറ്റെടുക്കേണ്ടതില്ലെന്നും ഇത് പാർട്ടിയുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും സിപിഎം നേതാവ് എം എ ബേബി ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിണറായി പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സംസ്ഥാനത്തെ പരാജയം ഓരോ മണ്ഡലങ്ങൾ തിരിച്ചും വിശദമായി പരിശോധിക്കാൻ പിബി തീരുമാനിച്ചു. അണികളെയും അനുഭാവികളെയും കേട്ട ശേഷം മാത്രമേ അന്തിമ നിഗമനങ്ങളിൽ എത്തുകയുള്ളൂ. പാർട്ടിക്കുള്ളിലെ തെറ്റ് തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും, നേതൃമാറ്റത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഈ പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്നും ബേബി കൂട്ടിച്ചേർത്തു.

കേരളത്തിലെ കനത്ത തിരിച്ചടി അപ്രതീക്ഷിതമാണെന്നും മൂന്ന് സീറ്റുകളിൽ ബിജെപി വിജയിച്ചത് അതീവ ഗൗരവകരമാണെന്നും സിപിഎം വിലയിരുത്തി. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി കേന്ദ്രം ഞെരുക്കാൻ ശ്രമിച്ചതും തിരിച്ചടിക്ക് കാരണമായി. എന്നാൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാത്തത് അദ്ദേഹം സമൂഹമാധ്യമങ്ങൾ വഴി നിലപാട് വ്യക്തമാക്കിയതുകൊണ്ടാണെന്നും നേതൃത്വം വിശദീകരിച്ചു.

ബംഗാളിൽ കേന്ദ്ര ഏജൻസികളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്താണ് ബിജെപി വിജയിച്ചതെന്ന് വാർത്താ സമ്മേളനത്തിൽ വിമർശനമുയർന്നു. ഇതിനെ ‘സ്പെഷ്യൽ ഇന്റൻസീവ് റിമൂവൽ’ എന്നാണ് ബേബി വിശേഷിപ്പിച്ചത്. തോൽവിക്ക് പിന്നിൽ ഏതെങ്കിലും വ്യക്തിയല്ലെന്നും കൂട്ടായ പരാജയമാണിതെന്നും വ്യക്തമാക്കിയ പിബി, നിലവിലെ നേതൃത്വത്തിന് കീഴിൽ തന്നെ തിരുത്തൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top