രത്തൻ കേൽക്കറുടെ നിയമനം സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ബംഗാളിലെ സാഹചര്യമല്ല കേരളത്തിലെന്നും വിശദീകരണം

രത്തൻ കേൽക്കറുടെ നിയമനം സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ബംഗാളിലെ സാഹചര്യമല്ല കേരളത്തിലെന്നും വിശദീകരണം

മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരെയുള്ള വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. കേൽക്കറുടെ നിയമനം തികച്ചും സ്വാഭാവികമായ ഭരണനടപടി മാത്രമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിലും മന്ത്രിസഭാ യോഗത്തിലും വ്യക്തമാക്കി. മുൻപ് ഇത്തരത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന നളിനി നെറ്റോയെ നിയമിച്ച കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുടെ തീരുമാനത്തിന് മന്ത്രിസഭാ യോഗത്തിൽ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങൾ അടിയന്തര സാഹചര്യത്തിൽ എടുത്ത ഭരണപരമായ തീരുമാനങ്ങൾ മാത്രമാണെന്നും പൂർണ്ണമായ ഉദ്യോഗസ്ഥ നിയമനങ്ങൾ ആയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

തെരഞ്ഞെടുപ്പ് നടത്തിയാൽ അതോടെ സിഇഒയുടെ ജോലി തീരുകയാണെന്നും അത് കഴിഞ്ഞാൽ പിറ്റേ ദിവസം അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കണമെന്നാണോ വിവാദം ഉണ്ടാക്കുന്നവർ പറയുന്നതെന്ന് വി.ഡി. സതീശൻ ചോദിച്ചു. നളിനി നെറ്റോയെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഇത്തരത്തിൽ നിയമിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിലെ സാഹചര്യമല്ല കേരളത്തിലുള്ളതെന്നും യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് കേൽക്കറാണെന്ന് പറയുന്നത് എന്തൊരു തമാശയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. മാധ്യമങ്ങൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ക്രിയാത്മകമായ ചർച്ചകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബംഗാളിൽ തെരഞ്ഞെടുപ്പ് സിഇഒക്കെതിരെ കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസുമടക്കം പരാതികൾ ഉന്നയിച്ചിരുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി വ്യക്തിപരമല്ലാതെ വിമർശനം ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എസ്ഐആറിലൂടെ നിരവധി പേരെ വോട്ടർ പട്ടികയിൽ നിന്ന് ബംഗാളിലെ സിഇഓ പുറത്താക്കിയെന്ന ഗുരുതരമായ ആരോപണമുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള രത്തൻ കേൽക്കർക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കോ സിപിഎമ്മിനോ എന്തെങ്കിലും പരാതിയുണ്ടായിരുന്നോ എന്ന് വ്യക്തമാക്കണമെന്നും കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തും അദ്ദേഹം പല സുപ്രധാന പദവികളും വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Share Email
Top